ചെന്നൈ: തമിഴ്നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയർന്ന് കിലോയ്ക്ക് 400 രൂപ കടന്നു. 240 രൂപയിൽനിന്നാണ് 400 കടന്നത്. ചില്ലറവിപണിയിൽ 40 ശതമാനത്തിലധികം വർധനയുണ്ടായി. ബ്രോയിലർ കോഴി വിൽക്കുന്ന കമ്പനികൾ നൽകുന്ന കുറഞ്ഞ കോഴിവളർത്തൽ നിരക്കിനെതിരേ ജനുവരി ഒന്നു മുതൽ കർഷകർ നടത്തിവരുന്ന സമരം കാരണം ഉത്പാദനം കുറഞ്ഞതാണ് വില വർധിക്കാനുള്ള കാരണം. കൂടാതെ, തണുത്ത കാലാവസ്ഥയും ഉത്പാദനത്തെ ബാധിച്ചു.
കഴിഞ്ഞ ഞായറാഴ്ച കിലോയ്ക്ക് 340 - 360 രൂപയുണ്ടായിരുന്ന വില പൊടുന്നനെ 400 രൂപ കടക്കുകയായിരുന്നു. ഒരു കോഴി മൊത്തമായി വാങ്ങിയാൽ നേരത്തേ കിലോയ്ക്ക് 160-നും 180-നും ഇടയിലായിരുന്ന വില നിലവിൽ 230 - 260 രൂപയായി ഉയർന്നു. തിരുപ്പൂർ ജില്ലയിലെ പല്ലടത്തുനിന്നുമാണ് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രധാനമായും ഇറച്ചിക്കോഴികളെത്തിക്കുന്നത്.
പല്ലടത്തുനിന്നുള്ള ഗതാഗതച്ചെലവും കണക്കിലെടുത്താണ് ചെന്നൈ ഉൾപ്പെടെയുള്ള ഇടങ്ങളിലെ വിപണിയിൽ കോഴിയിറച്ചിവില തീരുമാനിക്കുന്നത്.
ജനുവരി നാലിന് ചെന്നൈയിൽ തൊലികളഞ്ഞ കോഴിയിറച്ചി കിലോയ്ക്ക് 320 രൂപയായിരുന്നു. അതാണ് ഇപ്പോൾ 400 കടന്നത്. ബോൺലെസ് ഇറച്ചിക്ക് കിലോയ്ക്ക് 560 രൂപ കടന്നു. തമിഴ്‌നാട്ടിൽ 19,000-ത്തിലധികം കോഴിക്കർഷകരുണ്ട്. ഇതിൽ ഒരു വിഭാഗംമാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു കിലോ ഇറച്ചിക്കോഴി ഉത്പാദിപ്പിക്കാൻ 100 രൂപവരെ ചെലവാകുമെന്നു കോഴിക്കർഷകർ പറയുന്നു.
ബ്രോയിലർ കമ്പനികൾ കോഴിക്കർഷകർക്ക് കിലോയ്ക്ക് 6.5 രൂപയും ഫാമിൽ വളർത്തുന്ന നാടൻ കോഴിക്ക് കിലോയ്ക്ക് 15 രൂപയും, കാടയ്ക്ക് മൂന്നു രൂപയുമാണ് നൽകിവരുന്നത്. ഇത് ബ്രോയിലർ കോഴിക്ക് കിലോയ്ക്ക് 20 രൂപയും നാടൻ കോഴിക്ക് 25 രൂപയും കാടയ്ക്ക് ഏഴു രൂപയുമാക്കി വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പ്രശ്‌നം പരിഹരിക്കുന്നതിനായി ബുധനാഴ്ച സർക്കാർയോഗം വിളിച്ചുചേർത്തിട്ടുണ്ട്. കോഴിക്കർഷകരുടെയും ബ്രോയിലർ കമ്പനികളുടെയും പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്ന് പല്ലടം ബ്രോയിലർ കോഡിനേഷൻ കമ്മിറ്റി (ബിസിസി) സെക്രട്ടറി സ്വാതി കണ്ണൻ പറഞ്ഞു.
Content Highlights: Chicken prices in Tamil Nadu skyrocket to ₹400/kg due to farmer protests against low broiler rates. Production dip affects supply.
Published: 21 Jan 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented