സ്വിഗ്ഗി, സോമാറ്റോ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉപഭോക്താക്കൾക്കിടയിൽ തരം​ഗമായിരിക്കുകയാണ്. ഇതോടെ രാജ്യത്തും ലോകമെമ്പാടുമുള്ള ഫുഡ് ട്രെൻഡുകളും ചർച്ചവിഷയം ആയിട്ടുണ്ട്. ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്നതെന്താണെന്നുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് പുറത്തുവരാറുണ്ട്. ഇത്തരത്തിൽ 2024 ൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത് എന്തിനൊക്കെയാണെന്നുള്ള വർഷാവസാന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്. 2024 ജനുവരി 1 മുതൽ ഡിസംബർ 1 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവിട്ടത്. 

To advertise here,

റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ ജനങ്ങൾക്ക് കൂടുതൽ പ്രിയം ഇൻസ്റ്റന്റ് ന്യൂഡിൽസിനോടാണ്. ഡൽഹിയിലെ ഉപയോക്താക്കൾ ഇക്കാലയളവിൽ 60 കോടി രൂപ ഇൻസ്റ്റന്റ് ന്യൂഡിൽസ് വാങ്ങുന്നതിനായി ചിലവഴിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വസ്തുക്കളിൽ  സവോളയും ഉൾപ്പെടുന്നു. മുംബൈയിലെ ഉപഭോക്താക്കളാണ് ഏറ്റവും കൂടുതൽ സവോള ഓർഡർ ചെയ്തെന്നാണ് റിപ്പോർട്ട്. തൊട്ടുപിന്നാലെ ഹൈദരാബാദും ഡൽഹിയുമുണ്ട്. ഡിസംബർ 1 ന്, വൈകുന്നേരം 7-8 നും ഇടയിലുള്ള സമയത്ത് ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾ മൊത്തം 4500 കിലോ സവോളയാണ് സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി ഓർഡർ ചെയ്തത്.

പാൽ, തൈര്, ദോശ മാവ്,  ചിപ്‌സ്, ശീതളപാനീയങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളിൽ ആദ്യ അഞ്ചിലുള്ളത്. കൂടാതെ രക്ഷബന്ധൻ ദിനത്തിൽ 8,00,000 രാഖികൾ ഇൻസ്റ്റാമാർട്ടിലൂടെ ഉപഭോക്താക്കൾ ഓർഡർ ചെയ്തതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.