കോഴിക്കോടിന്റെ രുചികളറിയുന്ന സുനിത വില്യംസിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തുവന്നിരുന്നു. നാടുകാണാനിറങ്ങിയതിനൊപ്പം ഫലൂദ രുചിക്കുന്ന സുനിതയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സേമിയ കൊണ്ടുള്ള ഫലൂദ ആസ്വദിച്ച് കഴിക്കുന്ന സുനിതയാണ് വീഡിയോയിലുള്ളത്.

To advertise here,

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോക്ക് നാലുമില്യണിലേറെ കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഫലൂദ നേഷന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങൾ ഒരിക്കലും മറക്കാത്ത നിമിഷം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോക്ക് കീഴെ നിരവധിപേരാണ് സുനിത വില്യംസിനെ പ്രകീർത്തിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ച വനിത എന്നും എന്തൊരു ലാളിത്യം നിറഞ്ഞ വിനയാന്വിതയായ, ആത്മവിശ്വാസമുള്ള സ്ത്രീ, ഏറ്റവും ആദരവ് കൊടുക്കേണ്ട സ്ത്രീ എന്നുമൊക്കെ കമന്റുകളുണ്ട്.

ശനിയാഴ്ചയാണ് ബന്ധുക്കൾക്കൊപ്പം സുനിത വില്യംസ് കോഴിക്കോട് കറങ്ങാനിറങ്ങിയത്. സ്വകാര്യത മുന്നിൽക്കണ്ട് പോലീസ് അകമ്പടി വേണ്ടെന്ന് നിർദേശിച്ചിരുന്നു. കടലുണ്ടി കമ്യൂണിറ്റി റിസർവിൽ തോണിയാത്ര നടത്തിയതിനുശേഷം ഫറോക്ക്‌ കോമൺവെൽത്ത് ടൈൽ ഫാക്ടറി കാണാനെത്തി. ശേഷം കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയിലേക്കും പോയി.

പിന്നാലെ ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആർട്ട് കഫേയിലേയും പാരഗൺ റെസ്റ്റോറന്റിലേയും രുചികൾ അറിഞ്ഞതിനുശേഷമാണ് സുനിത മടങ്ങിയത്.