പൂര്‍ണസസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോള്‍ കുക്കറും ഭക്ഷണസാധനങ്ങളും കരുതുമെന്നും തുറന്നു പറഞ്ഞതിലൂടെ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മൂര്‍ത്തിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ പരിഹാസപ്രവാഹവും ട്രോളും. സസ്യാഹാരിയായതിനാല്‍ എവിടെയെങ്കിലും പോകുമ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെന്നും മാംസാഹാരം വിളമ്പിയ സ്പൂണ്‍ തന്റെ ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടാകാറുണ്ടെന്നും യൂട്യൂബ് അഭിമുഖത്തിലൂടെയാണ് അവര്‍ പറഞ്ഞത്.

To advertise here,

ഇത്തരത്തിലുള്ള പേടി കാരണം എവിടെ പോയാലും വെജിറ്റേറിയന്‍ ഭക്ഷണശാലകള്‍ തന്നെ കണ്ടെത്തി കഴിക്കാന്‍ ശ്രമിക്കും, അല്ലാത്ത പക്ഷം സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കുമെന്നും അവര്‍ പറഞ്ഞു. അതിനുവേണ്ടിയാണ് കുക്കറും ഭക്ഷണസാധനങ്ങളും കൂടെ കരുതുന്നത്. തന്റെ അമ്മൂമ്മയും പുറത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നില്ലെന്നും എവിടെപ്പോയാലും വീട്ടില്‍ നിന്നുള്ള ഭക്ഷണം കരുതുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അതിന്റെ പേരില്‍ അമ്മൂമ്മയെ കളിയാക്കിയിട്ടുണ്ട്. എന്നാല്‍ താനും അതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ പറഞ്ഞു.

ഈ വാക്കുകളാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്യമാണെന്നും അതില്‍ ആര്‍ക്കും ആരെയും ഇതില്‍ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ചിലര്‍ കുറിച്ചു. നോണ്‍-വെജ് കഴിക്കുന്നവര്‍ ഉപയോഗിച്ച സ്പൂണോ പാത്രങ്ങളോ ഉപയോഗിക്കുന്നതിനോട് പോലും എതിര്‍പ്പ് കാണിക്കുന്നത് ശരിയല്ല- അങ്ങനെയെങ്കില്‍ സുധ മൂര്‍ത്തിക്ക് എവിടെയും പോകാന്‍ സാധിക്കില്ല, നോണ്‍-വെജ് കഴിക്കുന്നവര്‍ കുറഞ്ഞവരാണെന്ന ധ്വനിയും സുധ മൂര്‍ത്തിയുടെ വാക്കുകളിലുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

വിഷയത്തില്‍  വലിയ രീതിയില്‍ ചര്‍ച്ചനടന്നതോടെ ട്രോളുകളും നിരവധി വരികയുണ്ടായി. അതോടൊപ്പം സുധ മൂര്‍ത്തിയുടെ മരുമകനും യു.കെ പ്രധാനമന്ത്രിയുമായ ഋഷി സുനക് മാംസാഹാരം കഴിക്കുന്ന ഒരു ഫോട്ടോയും പലരും പങ്കുവയ്ക്കുന്നുണ്ട്. സുധാ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഋഷി സുനകിന്റെ ഭാര്യ. മകളുടെ വീട്ടില്‍ പോകുമ്പോള്‍ സുധ മൂര്‍ത്തി എന്താണ് ചെയ്യുന്നതെന്നും നോണ്‍-വെജ് കഴിക്കുന്ന പേരക്കുട്ടികളെയോ മരുമകനെയോ അവര്‍ തൊടാറേയില്ലെയെന്നുമെല്ലാം കമന്റ് വന്നിട്ടുണ്ട്. കൂടെ ഭക്ഷണം കരുതുന്നതില്‍ എന്ത്  തെറ്റാനുള്ളതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.