ദിവസം അര മുറി തേങ്ങയെങ്കിലും ഉപയോഗിക്കേണ്ടി വരാത്ത മലയാളി അടുക്കളകൾ വിരളമാണ്. നാട്ടിൽ നിന്നുവിട്ട് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ താമസിക്കുന്ന മലയാളികൾക്ക് തേങ്ങ പൊട്ടിക്കലും ചിരകലും സൂക്ഷിക്കലും ശ്രമകരമാണ്. നാളികേര ഉത്പ്പന്നങ്ങൾ എങ്ങനെ സംഭരിക്കാമെന്ന് നോക്കാം. 

To advertise here,

തേങ്ങ വെള്ളം

അധികം പുളിക്കാത്ത തേങ്ങ വെള്ളം ഫ്രഷായി എടുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. 24 മുതൽ 48 മണിക്കൂർ വരെ പുതുമ നിലനിർത്തി തേങ്ങവെള്ളം സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു. ദീർഘകാലത്തേക്കാണെങ്കിൽ ഐസ് ട്രേകളിൽ ഫ്രീസ് ചെയ്ത് രണ്ട് മാസം വരെ സൂക്ഷിക്കാം. ഇത് ജ്യൂസിലോ സ്മൂത്തികളിലോ ഉപയോഗിക്കാം.

ചിരട്ടയിൽ നിന്ന് വേർതിരിച്ച തേങ്ങ

ചിരട്ടയിൽ നിന്ന് വേർതിരിച്ച തേങ്ങ വായു കടക്കാത്ത പാത്രത്തിലോ റീസീലബിൾ ബാഗിലോ ( സിപ്പ് ലോക്ക് കവർ) ഫ്രിഡ്ജിൽ സൂക്ഷിക്കാം. 5 മുതൽ 7 ദിവസം വരെ പുതുമയോടെ സൂക്ഷിക്കാൻ ഇതിലൂടെയാകും. കഷണങ്ങളാക്കിയും ഫ്രീസർ ബാഗുകളിൽ സൂക്ഷിക്കാം. 5- 6 മാസം വരെ ഇവ നിലനിൽക്കും. 

ചിരകിയ തേങ്ങ

ചിരകിയ തേങ്ങ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ 4- 5 ദിവസം വരെ സൂക്ഷിക്കാം.

തേങ്ങാ പാൽ 

വീട്ടിൽ തയ്യാറാക്കിയ തേങ്ങാ പാൽ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ 3-4  ദിവസം വരെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി ഇളക്കാൻ ശ്രദ്ധിക്കാം. ദീർഘനാളത്തെ ഉപയോഗത്തിന് ഫ്രീസ് ചെയ്ത് ഉപയോഗിക്കാം. ഐസ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്ത് ശേഷം ഇവ ഫ്രീസർ ബാഗിലേക്ക് മാറ്റി 2-3 മാസം വരെ സൂക്ഷിക്കാം. തണുപ്പ് മാറ്റിയ ശേഷം ഇളക്കി ഉപയോഗിക്കാം.