കൊടും ചൂടത്ത്  ഉള്ളൊന്ന് തണുപ്പിക്കാന്‍ ഒരു ചെറിയ പെട്ടി ഐസ്‌ക്രീമെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാകും പലരും. പുറത്തുപോയി വന്ന് വലിയ ആവേശത്തില്‍ ഫ്രീസര്‍ തുറന്ന് ഐസ്‌ക്രീം എടുത്ത് സ്പൂണ്‍ ഇടുമ്പോള്‍ ഇളകാത്ത വിധം  ഐസ്‌ക്രീം മരവിച്ചിരിക്കുകയാണെങ്കിലോ?  

To advertise here,

കഴിക്കാനെടുക്കുമ്പോള്‍  ഐസ്‌ക്രീം മൃദുലതയില്ലാതെ കല്ലുപോലെ ഉറഞ്ഞിരിക്കുകയാണെങ്കില്‍ അതിന് കാരണം ഫ്രീസറിൽ സൂക്ഷിച്ചതിൽ വന്ന പാകപ്പിഴയാകാം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനുമുണ്ട് ചില പൊടിക്കൈകള്‍ എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഡിജിറ്റല്‍ ക്രിയേറ്ററായ ഷഷാങ്ക് അല്‍ഷി പങ്കുവെച്ച വീഡിയോ. 

ഐസ്‌ക്രീം ബോക്‌സ് ഫ്രീസറില്‍ സൂക്ഷിക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്. ഐസ്‌ക്രീം ടബ് സിപ് ലോക്ക് കവറിനുള്ളിലാക്കിയ ശേഷം വെള്ളത്തിലേക്ക് പതിയെ ഇറക്കി വെക്കുക. ഇതിന് ശേഷം കവര്‍ ലോക്ക് ചെയ്യുക. വാക്ക്വം സീല്‍ഡ് ആയ സിപ്പ് ലോക്ക് കവര്‍ ഫ്രീസറില്‍ സൂക്ഷിക്കാം, വീഡിയോയില്‍ പറയുന്നു. 

ഫ്രീഡ്ജിന്റെ ഡോറിന്റെ അടുത്തു നിന്ന് മാറി ഫ്രീസറിന്റെ ഏറ്റവും പിന്നിലായി ഐസ്‌ക്രീം സൂക്ഷിക്കുന്നതും അമിതമായി ഐസ്‌ക്രീം കട്ടപിടിക്കുന്നത് തടയാനാകും.

ഇങ്ങനെയൊക്കെ ഫ്രീസറിൽ വെക്കാൻ ഐസ്ക്രീം വേണ്ടേ എന്നാണോ?

രുചികരമായ  മാംഗോ ഐസ്‌ക്രീം വീട്ടില്‍ തയ്യാറാക്കി നോക്കിയാലോ..!

ആവശ്യമുള്ള സാധനങ്ങള്‍

  • മധുരമുള്ള മാങ്ങ തൊലിമാറ്റിയതിന് ശേഷം ചെറുതായി മുറിച്ചത്- രണ്ട് കപ്പ്
  • ഫുള്‍ഫാറ്റ് മില്‍ക്- രണ്ടര കപ്പ്
  • കണ്ടന്‍സ്ഡ് മില്‍ക്ക്- രണ്ട് കപ്പ്
  • പഞ്ചസാര- രണ്ടു ടേബിള്‍ സ്പൂണ്‍
  • നാരങ്ങാനീര്- 100 മില്ലി
placeholder
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തയ്യാറാക്കുന്ന വിധം

മാമ്പഴവും പഞ്ചസാരയും കൂടി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഫുള്‍ ഫാറ്റ് മില്‍ക്കും, കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ത്ത് അടിച്ച് ക്ലിംഗ് ഫിലിംകൊണ്ട് മൂടി ഫ്രീസറില്‍ വയ്ക്കുക. ഫ്രീസാകുമ്പോള്‍ എടുത്ത് പൊട്ടിച്ച് മിക്‌സിയില്‍ ഒന്നുകൂടി അടിച്ച ശേഷം വീണ്ടും ഫ്രീസറില്‍ വയ്ക്കാം.