കേരളത്തില്‍ ഉത്ഭവിച്ച രുചിയാണെന്ന് തോന്നിപോകുന്ന ഒരു വിഭവം. പശ്ചിമേഷ്യയിൽ നിന്ന് രണ്ടായിരത്തിന്റെ ആദ്യകാലങ്ങളിൽ കേരളത്തിലേക്കെത്തിയ ഷവര്‍മ അങ്ങനെ ലോകത്തിലെ മികച്ച സാന്‍വിച്ചുകളുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്. പ്രമുഖ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയ്യാറാക്കിയ ലോകത്തിലെ മികച്ച 100 സാന്‍വിച്ചുകളുടെ പട്ടികയിലാണ് ഷവര്‍മ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാമീസ് വിഭവമായ ബാന്‍ മിയും മൂന്നാം സ്ഥാനത്ത് തുര്‍ക്കിയിൽ വേരുകളുള്ള ടോംബിക് ഡോണറുമാണ്.

To advertise here,

ഇന്ത്യക്കാരുടെ പ്രിയവിഭവമായ വടാപാവും മികച്ച സാന്‍വിച്ചുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 26 സ്ഥാനത്താണ് വടാപാവ് ഇടം നേടിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട പട്ടികയില്‍ 39-ാം സ്ഥാനം വഹിച്ചിരുന്ന വടാ പാവാണ് 26 സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയിരിക്കുന്നത്. 

ചിക്കന്‍, ബീഫ്, ആട്ടിറച്ചി എന്നിവയുടെ സ്ലോ കുക്കിങ് പ്രക്രിയയാണ് ഇവയെ  പ്രിയപ്പെട്ടതാക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള മൂന്ന് വിഭവങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ സൗദി അറേബ്യ, ദുബായ്, ഒമാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റ് മിഡില്‍ ഈസ്‌റ്റേണ്‍ രാജ്യങ്ങളില്‍ നിന്നും തൊഴിലിനായി പോയി മടങ്ങി മലയാളികളാണ് നാട്ടിലെ മലയാളിക്ക് ഷവർമയുടെ രുചി പകര്‍ന്നു നല്‍കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഏറെ വകഭേദം വരുത്തിയവയാണ് കേരളത്തിൽ ലഭിക്കുന്നതെങ്കിലും ഷവർമ പ്രിയരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചിട്ടേയുള്ളു.