തിരുവനന്തപുരം: പ്രമേഹരോഗികൾ സ്പൂണിൽ അളന്ന് ചോറുകഴിക്കുന്ന കാലം പഴങ്കഥയായേക്കും. പ്രശ്‌നമെന്നു കരുതുന്ന കാർബോഹൈഡ്രേറ്റിനെ നിയന്ത്രിച്ച 'ഡിസൈനർ അരി'യുടെ ചോറ് വയർനിറയെ കഴിക്കാനാവുന്ന കാലം തിരികെവരുമെന്നും കരുതാം. തിരുവനന്തപുരം സി.എസ്.ഐ.ആർ. നിസ്റ്റ് ആണ് ഉയർന്ന പ്രോട്ടീനും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്‌സുമുള്ള അരി വികസിപ്പിച്ചത്.

To advertise here,

പോഷകഅരിയുടെ ചോറു കഴിച്ചാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഗ്ലൈസെമിക് ഇൻഡെക്‌സ്) കുറവായിരിക്കുമെന്നതാണ് പ്രമേഹരോഗികൾക്ക് ആശ്വാസമാകുന്നത്.

'പോഷകഅരി'യുടെ സാങ്കേതികവിദ്യ വ്യാവസായിക ഉത്പാദനത്തിനായി കൈമാറി. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സും തമിഴ്‌നാട്ടിലെ എസ്.എസ്.സോൾ ഫുഡ്‌സുമാണ് ആദ്യഘട്ടത്തിൽ പോഷകഅരി ഉത്പാദിപ്പിക്കുക. വൈകാതെ കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് വരുമെന്ന് നിസ്റ്റ് അധികൃതർ പറയുന്നു.

സാധാരണ അരിപ്പൊടിയിലേക്ക് ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 തുടങ്ങി സൂക്ഷ്മപോഷകഘടകങ്ങൾ ചേർത്തശേഷം സ്വാഭാവിക അരിക്ക് സമാനമായി അതിനെ മാറ്റുന്നതിനുള്ളതാണ് നിസ്റ്റ് വികസിപ്പിച്ച സാങ്കേതികവിദ്യ. ജനിതകമാറ്റം വരുത്തുന്നതിനുപകരം ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യ ഉപയോഗിച്ചുതന്നെയാണ് അരിയുണ്ടാക്കുന്നതെന്നതാണ് പ്രത്യേകത. കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും സാധാരണ അരിയുടെ സ്വഭാവംതന്നെയാകും ഇതും പ്രകടിപ്പിക്കുക. പോഷകങ്ങൾ നഷ്ടപ്പെടുകയുമില്ല.