ന്യൂഡല്‍ഹി: ഭക്ഷ്യ ഉത്പന്നങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന ലേബലുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇനി നേരിട്ട് റിപ്പോർട്ട്  ചെയ്യാം.

To advertise here,

ഭക്ഷ്യ ഉത്പന്ന ലേബലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ അവകാശവാദങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ സേവനം ലഭ്യമാക്കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ (FSSAI). ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന, ഇറക്കുമതി എന്നിവ നിയന്ത്രിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചിട്ടപ്പെടുത്തുക തുടങ്ങിയവയുടെ നിയന്ത്രണം എഫ്.എസ്.എസ്.എ.ഐക്കാണ്. 

പാക്കുചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ അവകാശവാദങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍  ഉപഭോക്താക്കള്‍ക്ക് ഫുഡ് സേഫ്റ്റി കണക്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ  https://foscos.fssai.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതി നൽകാം.

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം പ്രദര്‍ശിപ്പിക്കുന്ന പാക്കേജിന്റെ മുന്‍വശത്തെ ചിത്രങ്ങള്‍, നിർമാതാവിൻ്റെ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഉത്പന്നം ഓണ്‍ലൈനില്‍ വില്‍ക്കുന്നുണ്ടെങ്കിൽ അവ വാങ്ങാൻ ഉപയോഗിക്കുന്ന ലിങ്ക് തുടങ്ങിയ അവശ്യ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സേവനത്തിലൂടെയാകും. 

ഇതുവഴി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കാനാകുമെന്നാണ് എഫ്.എസ്.എസ്.എ.ഐ പ്രതീക്ഷിക്കുന്നത്.