എല്ലായ്‌പ്പോഴും കറുമുറെ എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കണം, മധുരപദാർഥങ്ങളോട് അടങ്ങാത്ത കൊതി, ഉപ്പ് ധാരാളമടങ്ങിയ സ്‌നാക്‌സ് ആണ് പ്രിയഭക്ഷണം. ഭക്ഷണത്തോടുള്ള ഈ ആസക്തിയെ വെറും കൊതി മാത്രമായാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? എന്നാൽ ഈ ആസക്തിക്ക് പിന്നിൽ ഡോപമൈൻ മുതൽ ബ്ലഡ് ഷുഗർ വരെ പലവിധ കാരണങ്ങളുണ്ട്. അതേ ഈ അമിതാസക്തിയിലൂടെ ശരീരം നിങ്ങൾക്ക് ചില സൂചനകൾ നൽകുന്നുണ്ടെന്ന് സാരം.

To advertise here,

തലച്ചോറ്, മെറ്റബോളിസം, ജീവിതശൈലി തുടങ്ങി പല കാരണങ്ങളാണ് നിങ്ങളെ മധുരാസക്തി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരത്തിൽ ഭക്ഷണത്തോടുള്ള ആസക്തിക്ക് പിന്നിൽ തലച്ചോറിലെ റിവാർഡിങ് സിസ്റ്റത്തിന് വളരെ ശക്തമായ ബന്ധമുണ്ടെന്നാണ് ബിഡിആർ ഫാർമസ്യൂട്ടിക്കൽസിലെ ടെക്‌നിക്കൽ ഡയറക്ടറായ അരവിന്ദ് ബാഡിഗെർ പറയുന്നത്. മധുരവും ഉപ്പും ധാരളമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഡോപമൈൻ ഉല്പാദനം നല്ലരീതിയിൽ വർധിപ്പിക്കും.

ശരീരത്തിന് അത്യാവശ്യമായി ഊർജം വേണമെന്ന തോന്നലുണ്ടാകുമ്പോഴാണ് സാധാരണയായി ശരീരം മധുര ആസക്തി കാണിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് അതിനൊരു കാരണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള ഈ ഏറ്റക്കുറച്ചിലുകൾ വിശപ്പിനും ആസക്തിക്കും കാരണമാകുന്നു. ഡീഹൈഡ്രേഷനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയുമാണ്‌ ഉപ്പിനോടുള്ള കൊതിക്ക് പിറകിൽ. ഫ്‌ളൂയിഡ് റിടെൻഷനും ശരീരം എല്ലായ്‌പ്പോഴും സോഡിയം ആവശ്യപ്പെടുന്നതിന് കാരണമാണത്രേ. കടുത്ത സമ്മർദമുള്ളവർ അത് മറികടക്കാൻ നല്ല ഉപ്പുള്ള ഭക്ഷണ പദാർഥങ്ങൾ തിരഞ്ഞെടുക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കറുമുറെ ഭക്ഷണം കഴിക്കാൻ തോന്നുന്നതിന് പിന്നിൽ പോഷകക്കുറവിനേക്കാൾ പെരുമാറ്റ വൈകല്യമാണ് കാരണമാകുന്നത്. ചവയ്ക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മാനസിക സംതൃപ്തി നൽകുന്ന ഒന്നാണ്. ഇത് സമ്മർദം ഇല്ലാതാക്കും. ഭക്ഷണം ചവച്ചിറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഇന്ദ്രിയങ്ങൾക്ക് ആനന്ദം പകരും.

ഇതിനെല്ലാം പുറമേ ആസക്തിക്ക് പിന്നിൽ സമ്മർദം, ഉറക്കം, ഹോർമോൺ അസുന്തിലിതാവസ്ഥ എന്നിവയ്ക്കും വലിയ പങ്കുണ്ട്. ഉറക്കക്കുറവ് ലെപ്റ്റിൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഈ ഹോർമോൺ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ്. സ്വാഭാവികമായും ആസക്തി ഉയരും. അതുപോലെ സമ്മർദ്ദം ഉയരുന്തോറും കോർട്ടിസോൾ ലെവലും ഉയരും. അതും ആസക്തി വർധിപ്പിക്കുന്നു.

പ്രൊട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിച്ചുകൊണ്ട് മാത്രമേ ഇതിനെ തടയാൻ സാധിക്കൂ. മധുരത്തോടുള്ള ആസക്തി അനുഭവപ്പെടുമ്പോൾ പഴങ്ങൾ, ഈന്തപ്പഴം, ഡാർക്ക് ചോക്ക്‌ലേറ്റ് എന്നിവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയർത്താതെ തന്നെ ആസക്തിക്ക് തടയിടും. നട്‌സും സീഡ്‌സും കഴിക്കുന്നത് ഉപ്പിനോടുള്ള ആസക്തി കുറയ്ക്കും.

തലച്ചോറിന്റെ രസതന്ത്രം, പോഷകാഹാരങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവ തമ്മിലുള്ള പരസ്പരബന്ധം തിരിച്ചറിഞ്ഞ് പ്രതികരിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.