പലരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ് ജാപ്പനീസ് നൂഡിൽസ് സൂപ്പ് വിഭവമായ റാമെൻ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ റാമെൻ പ്രിയരെ ആശങ്കപ്പെടുത്തുന്നതാണ്. റാമെൻ നൂഡിൽസിന്റെ പാക്കറ്റിലെ അർബുദ മുന്നറിയിപ്പാണ് ചർച്ചയാകുന്നത്. കൊറിയൻ ബ്രാൻഡിൻ്റെ കവറിനു പിന്നിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 'കാൻസർ ആൻ്റ്  റിപ്രൊഡക്റ്റീവ് ഹാം' എന്നാണ് പാക്കറ്റിനു പിന്നിൽ നൽകിയിരിക്കുന്ന ജാഗ്രതാ നിർദേശം. 

To advertise here,

ചില ഉപഭോക്താക്കൾ നൂഡിൽസിൻ്റെ സുരക്ഷയേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ മറ്റുചിലർ ഒരു പ്രത്യേക ബ്രാൻഡിനോ ഉത്പ്പന്നത്തിന് മാത്രമുള്ള മുന്നറിയിപ്പാണോ എന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കാലിഫോർണിയ സിറ്റിയിൽ വിൽക്കപ്പെടുന്ന റാമെൻ ബ്രാൻഡിലാണ് ജാഗ്രതാ നിർദേശമുള്ളതെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

കാലിഫോർണിയയിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകണമെന്ന നിയമം നിലവിലുണ്ട്. റാമെൻ നൂഡിൽസ് പോലുള്ള ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

കൊറിയൻ ഡ്രാമയുടെ വരവോടെ ഇന്ത്യൻ വിപണിയിലും റാമെൻ നൂഡിൽസിന് ആരാധകർ ഏറെയാണ്. 'ഹോട്ട് ആന്‍ സ്‌പൈസി' എന്ന ലേബലില്‍ വില്‍ക്കപ്പെടുന്ന റാമെന്‍ നൂഡില്‍സ് തയ്യാറാക്കാൻ നിമിഷങ്ങള്‍ മതി എന്നതാണ് പ്രത്യേകത. 

എന്നാല്‍ ഇത്തരം ഇന്‍സ്റ്റന്റ് നൂഡില്‍സുകളുടെ പ്രത്യാഘാതങ്ങള്‍ എന്താണെന്നത് പുതിയ അറിവല്ലെന്ന തരത്തിലാണ് ചിലര്‍ പ്രതികരിച്ചത്.

പ്രൊപ്പോസിഷന്‍ 65 എന്നറിയപ്പെടുന്ന പ്രത്യുത്പാദനത്തെ ബാധിക്കുന്നതും അര്‍ബുദ സാധ്യത ഉണ്ടാക്കുന്നതുമായ കെമിക്കലുകള്‍ ഉത്പന്നത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന 1986-ലെ നിയമഭേദഗതി അനുസരിച്ചാണ് കാലിഫോർണിയയിലെ കമ്പനികള്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നത്.