തുളച്ചുകയറുന്ന ചൂടില്‍ വാടിത്തളരുമ്പോള്‍ തണുത്ത മധുരമൂറുന്ന ഒരു റാബ്ഡി ഫലൂദ കഴിച്ചാലോ? ഡ്രൈ ഫ്രൂട്ട്സ് ഇട്ട് സമ്പുഷ്ടമാക്കിയ ഫലൂദ ഒരു വാ കഴിച്ചിറക്കുമ്പോള്‍ മനം പറയും - 'വാഹ് സ്വര്‍ഗം' ! നട്ടുച്ചനേരത്ത് അങ്ങനെയൊരു ഉള്‍വിളി തോന്നിയാല്‍ ഒട്ടും വൈകേണ്ട, ചാന്ദ്‌നി ചൗക്കിലെ ചര്‍ച്ച്‌റോഡിലുണ്ട് 'ഗ്യാനി ദി ഹാട്ടി'. 1951-ല്‍ അന്ന് പാകിസ്താന്റെ ഭാഗമായിരുന്ന റായ്പുരിലാണ് ഗ്യാനിജി എന്ന ഗ്യാനിസിങ് തന്റെ ആദ്യ ഫലൂദക്കട തുറന്നത്. ഏറ്റവും ജനപ്രിയമായ പലഹാരങ്ങളിലൊന്നായി ഫലൂദ പ്രശസ്തമാവുന്നതിനുമുമ്പേ ഗ്യാനിജി പരീക്ഷണാടിസ്ഥാനത്തില്‍ റബ്ഡി ഫലൂദ തയ്യാറാക്കിയിരുന്നു.

To advertise here,

ആദ്യമായി കേള്‍ക്കുന്ന പേരില്‍ കൗതുകം തോന്നിയാണ് ആളുകള്‍ പണ്ട് ഇത് വാങ്ങികഴിച്ചിരുന്നതെങ്കില്‍ ഇന്ന് ഗ്യാനി ദി ഹാട്ടിയുടെ പാരമ്പര്യവും പ്രശസ്തിയും അറിഞ്ഞാണ് ആളുകളെത്തുന്നത്.

ഉയരമുള്ള ഗ്ലാസില്‍ വേവിച്ചെടുത്ത വെര്‍മിസെല്ലി നൂഡില്‍സ്, അതിനുമുകളില്‍ നാടന്‍പാല്‍മാത്രം ഉപയോഗിച്ച്, പഞ്ചസാര ഒട്ടുംചേര്‍ക്കാതെ കട്ടിയില്‍ തയ്യാറാക്കിയ ഇളം ബ്രൗണ്‍ നറമുള്ള റാബ്ഡി ചേര്‍ക്കുന്നു. പ്രത്യേകതരം പിടിയുള്ള കുഴിഞ്ഞതവിയാണ് റാബ്ഡി വിളമ്പാന്‍ ഉപയോഗിക്കുന്നത്. റാബ്ഡിക്ക് മുകളില്‍ കട്ടിയുള്ള കൊഴുത്ത പഞ്ചസാരലായിനി. ഏറ്റവും മുകളില്‍ ധാരാളം ഡ്രൈ ഫ്രൂട്ട്സും ഒരു പിടി ഐസും. ഇവയെല്ലാംകൂടി സ്പൂണ്‍ ഉപയോഗിച്ച് നന്നായി മിശ്രിതമാക്കിയാണ് തനത് റാബ്ഡി ഫലൂദ വിളമ്പുന്നത്.

നാല്‍പ്പതും അമ്പതും വര്‍ഷംമുമ്പ് കടയിലെത്തിയിരുന്ന ആളുകള്‍ ഇന്നും ഗ്യാനി ദി ഹാട്ടിയുടെ ഉപഭോക്താക്കളാവുന്നത് എന്തുകൊണ്ടെന്നറിയാന്‍ ഈ ഗ്ലാസില്‍നിന്നും ഒരു സ്പൂണ്‍ ഫലൂദയെടുത്ത് വായില്‍വെച്ചാല്‍മതി. സകല രുചിമുകുളങ്ങളെയും തഴുകിയുണര്‍ത്താന്‍ പാരമ്പര്യത്തിന്റെ ഈ മധുരംമതി. റാബ്ഡിയടക്കം, കടയില്‍ വില്‍ക്കുന്ന എല്ലാ പലഹാരങ്ങളും ഗ്യാനിസിങിന്റെ വീട്ടിലാണ് തയ്യാറാക്കുന്നത്. ചാന്ദ്‌നി ചൗക്കിലെ കട ഇന്ന് നോക്കിനടത്തുന്നത് ഗ്യാനിസിങ്ങിന്റെ മകനും കൊച്ചുമക്കളുമാണ്. സഹായത്തിന് പത്തോളംജോലിക്കാരുണ്ട്. റാബ്ഡി തയ്യാറാക്കാനാണ് ഏറ്റവും കൂടുതല്‍ സമയംവേണ്ടതെന്ന് പറയുന്നു ഇവര്‍. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന റാബ്ഡി പാചകം വൈകീട്ട് നാലുമണിവരെ നീളും. വെറും 25 പൈസയ്ക്ക് വില്‍പ്പന ആരംഭിച്ച ഫലൂദയ്ക്ക് ഇന്ന് ഗ്ലാസൊന്നിന് 100 രൂപയാണ് വില. പാര്‍സലാണെങ്കില്‍ 110 രൂപയും. ഗ്യാനി ദി ഹാട്ടിക്ക് രാജ്യത്താകമാനം അറുപതിലധികം ഔട്ട്ലെറ്റുകളുമുണ്ട്. റാബ്ഡി ഫലൂദയ്ക്ക് പുറമെ, ശൈത്യകാലത്ത് വില്‍ക്കുന്ന ഹല്‍വകള്‍ക്കും ഈ കട പ്രശസ്തമാണ്. അവയ്ക്കുപുറമേ, വിവിധ തരം ഷേക്കുകള്‍, ഐസ് ക്രീമുകള്‍ എന്നിവയും കടയിലെ വിഭവങ്ങളാണ്.