ബാലരാമപുരം: റോഡിനിരുവശത്തും വീടുകൾക്ക് മുന്നിൽ നിരനിരയായി പലഹാരക്കുപ്പികൾ. മുറുക്ക്, അച്ചപ്പം, നെയ്യപ്പം, മുന്തിരിക്കൊത്ത് എന്നിങ്ങനെ ഇനങ്ങൾ നിരവധി. പുന്നമൂട്ടിലെ പലഹാരത്തെരുവിൽ ഓണവിപണിയുടെ ആരവമുണർന്നുകഴിഞ്ഞു.

To advertise here,

കരമന-കളിയിക്കാവിള പാതയിൽ വെടിവച്ചാൻ കോവിൽ കവലയിൽനിന്ന് 200 മീറ്റർ പുന്നമൂട് റോഡിലേക്ക് സഞ്ചരിച്ചാൽ പലഹാരത്തെരുവിലെത്താം. വീട്ടുപടിക്കലെ പലഹാരക്കൂട്ടത്തിന് പിന്നിലായി ലൈവ് പാചകവും കാണാം. വഴിയാത്രക്കാരാണ് ഇവിടത്തെ സ്ഥിരം കസ്റ്റമർ. വർഷങ്ങൾക്ക് മുൻപ്‌ മൂന്ന് കുടുംബങ്ങളാണ് ഈ തൊഴിലിന് പുന്നമൂട്ടിലെത്തിയതെങ്കിൽ ഇന്ന് 20-ഓളം കുടുംബങ്ങളാണ് എണ്ണപ്പലഹാരം വിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്നത്.

അമ്മയോടും, അമ്മൂമ്മയോടും പാചകത്തിന് കൂടെ കൂടാൻ പലപ്പോഴും ചെറുമക്കളും എത്തുന്നുണ്ട്. മുറുക്ക്, അച്ചപ്പം, നെയ്യപ്പം, മുന്തിരിക്കൊത്ത് എന്നിവയാണ് പ്രധാനമായും ഇവിടെ പാചകം ചെയ്ത് വിൽക്കുന്നത്.

എങ്കിലും പേരും പെരുമയും എപ്പോഴും പുന്നമൂട്ടിലെ മുറുക്കിനാണ്. പുന്നമൂട്ടിലെ വീടുകളിൽനിന്ന് മാത്രം മുറുക്ക് വാങ്ങാൻ ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്. വിവാഹം കഴിഞ്ഞ് മറുവീട് സന്ദർശിക്കുമ്പോൾ മുറുക്ക് കൊണ്ടുപോകുന്ന ചടങ്ങിനാണ് കച്ചവടം കൂടുതൽ. ചിങ്ങത്തിലെ വിവാഹത്തിനും ഓണവുമാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു.

അരിക്കും, എണ്ണക്കും വില വർദ്ധിച്ചെങ്കിലും പലഹാരങ്ങൾക്കൊന്നും തന്നെ കുത്തനെ വിലകൂട്ടാൻ കഴിയില്ല. വില കൂട്ടിയാൽ ആരും വാങ്ങാനെത്തില്ലെന്നാണ് ഇവർ പറയുന്നത്.

വീടുകളോട് ചേർന്നാണ് ഇവിടത്തെ കടകളും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപത് മണിയോടുകൂടി ഇവിടത്തെ കടകൾ തുറക്കും. കച്ചവടത്തോടൊപ്പം തന്നെ പാചകവും പൊടിപൊടിക്കും.