പുതുച്ചേരി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററന്റിന് വൻ പിഴയും അപൂർവ ശിക്ഷയും വിധിച്ച് ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവിലേക്ക് 3,000 രൂപയും നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ഇതിനുപുറമേ, പരാതിക്കാരന് അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനും കോടതി നിർദേശിച്ചു.

To advertise here,

പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ എന്ന റസ്റ്ററന്റിനെതിരെയാണ് കോടതിയുടെ നടപടി. മോശം ഭക്ഷണം വിളമ്പുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് എസ്. മുത്തുവേൽ , എ.എസ്. സുവിത, ജി. അറുമുഖം എന്നിവരടങ്ങിയ കമ്മീഷൻ നിരീക്ഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

2025 ഡിസംബർ എട്ടിനാണ് പരാതിക്കാരനായ പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്തും റസ്റ്ററന്റിൽ നിന്ന് ബിരിയാണി കഴിച്ചതും അതിൽ ചത്ത ഈച്ചയെ കണ്ടെത്തിയതും. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്ന് ആരോപിച്ച് മണികണ്ഠൻ 1,30,000 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസ്റ്ററന്റിന് നിയമപരമായ നോട്ടീസ് അയച്ചു. എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കോടതി നോട്ടീസ് അയച്ചിട്ടും റസ്റ്ററന്റ് അധികൃതർ ഹാജരാകുകയോ പരാതിയെ എതിർക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് കേസ് ഏകപക്ഷീയമായാണ് കോടതി കൈകാര്യം ചെയ്തത്.

പരാതിക്കാരൻ സമർപ്പിച്ച വീഡിയോ ദൃശ്യങ്ങളിൽ ബിരിയാണിയിൽ ചത്ത ഈച്ചയുണ്ടെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ റസ്റ്ററന്റിന്റെ ഇരട്ടത്താപ്പും കോടതി ചൂണ്ടിക്കാണിച്ചു. സംഭവം നടന്നതിന് പിന്നാലെ മണികണ്ഠൻ ഗൂഗിളിൽ പങ്കുവെച്ച റിവ്യൂവിന് മറുപടിയായി റസ്റ്ററന്റ് അധികൃതർ പരസ്യമായി മാപ്പ് പറയുകയും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമപരമായ നോട്ടീസ് ലഭിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പൊതുമധ്യത്തിൽ തെറ്റ് സമ്മതിക്കുകയും നിയമപരമായി അത് നിഷേധിക്കുകയും ചെയ്യുന്ന ഇത്തരം പരസ്പരവിരുദ്ധമായ നിലപാടുകൾ റസ്റ്ററന്റിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, വരും ആഴ്ചകളിൽ തുടർച്ചയായ അഞ്ച് ഞായറാഴ്ചകളിലായി രണ്ട് പ്ലേറ്റ് വീതം ആകെ 10 പ്ലേറ്റ് ബിരിയാണി പരാതിക്കാരന് സൗജന്യമായി നൽകണം. ഉത്തരവ് കൈപ്പറ്റി രണ്ടാഴ്ചയ്ക്കകം ഇത് നടപ്പിലാക്കി തുടങ്ങണമെന്നും കോടതി ഉത്തരവിട്ടു.