കഠിനപ്രയത്നത്തിലൂടെ ബോളിവുഡില്‍നിന്ന് ഹോളിവുഡില്‍ ചുവടുറപ്പിച്ച നടിയാണ് പ്രിയങ്ക ചോപ്ര. അഭിനയത്തിനൊപ്പം ബിസിനസിലും തിളങ്ങി നില്‍ക്കുന്ന താരം മികച്ചൊരു സംരംഭക കൂടിയാണ്. ഒരു വര്‍ഷം മുമ്പാണ് പ്രിയങ്ക തന്റെ ചിരകാല സ്വപ്നത്തിന് ന്യൂയോര്‍ക്കില്‍ തുടക്കമിട്ടത്. 'സോന' എന്നു പേരിട്ടിരിക്കുന്ന റെസ്റ്റൊറന്റാണത്. 

To advertise here,

തനത് ഇന്ത്യന്‍ വിഭവങ്ങള്‍ കൂടി ലഭ്യമാകുന്ന ഈ റെസ്റ്റൊറന്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കന്‍ സംരംഭകനായ മനീഷ് കെ. ഗോയലുമായി ചേര്‍ന്നാണ് ഈ റെസ്റ്റൊറന്റിന് പ്രിയങ്ക തുടക്കമിട്ടത്.

ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്ന സെലിബ്രിറ്റികളില്‍ മിക്കവരും സോന റെസ്റ്റൊറന്റില്‍ എത്താറുണ്ട്. ബോളിവുഡ് നടി കത്രീന കൈഫും ഭര്‍ത്താവ് വിക്കി കൗശലും ഉള്‍പ്പെടെ നിരവധി പേര്‍ സോന സന്ദര്‍ശിച്ചിട്ടുണ്ട്.

എന്നാലിപ്പോള്‍ പ്രിയങ്ക, സോന റെസ്റ്റൊറന്റുമായുള്ള പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിച്ചെന്ന് പീപ്പ്ള്‍ മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെസ്റ്റൊറന്റ് പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും സഹ ഉടമസ്ഥനായ മനീഷ് കെ. ഗോയലായിരിക്കും ഇനി മുന്നില്‍ നിന്ന് നയിക്കുകയെന്നും സോന റെസ്റ്റൊറന്റിന്റെ വക്താവിനെ ഉദ്ധരിച്ച് പീപ്പ്ള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. പ്രിയങ്കയുടെ സ്വപ്‌നമായിരുന്നു സോന റെസ്റ്റൊറന്റെന്നും അതില്‍ നിന്നുള്ള പിന്മാറ്റം അവരെ വേദനിപ്പിച്ചിട്ടുണ്ടാകില്ലെന്ന് കരുതുന്നതായും ഇന്‍സ്റ്റഗ്രാമിലെ പ്രിയങ്കയുടെ ഫാന്‍ പേജില്‍ ആരാധകര്‍ കുറിക്കുന്നു. അതേസമയം റെസ്റ്റൊറന്റ് രംഗത്ത് പുതിയ ശൃംഖലയ്ക്ക് തുടക്കം കുറിക്കാനാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ ഈ പിന്മാറ്റമെന്നും സൂചനകളുണ്ട്.