വൻകുടൽ കാൻസറിനെ (കൊളോറെക്ടൽ കാൻസർ) പ്രതിരോധിക്കുന്നതിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ചെറുപ്പക്കാർക്കിടയിൽ വൻകുടലിലെ അർബുദം അഥവാ കോളറെക്ടൽ ക്യാൻസർ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2020-ൽ ലോകമെമ്പാടും 1.9 ദശലക്ഷത്തിലധികം പുതിയ കേസുകൾക്കും ഏകദേശം 930,000 മരണങ്ങൾക്കും വൻകുടൽ കാൻസർ കാരണമായി എന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ശരീരിരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതും ഇവ പ്രിതിരോധിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ കോളൻ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, പ്രോബയോട്ടിക്സ് എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വീക്കം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വൻകുടൽ കാൻസർ സാധ്യത ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
വൻകുടലിന് സംരക്ഷണം നൽകുന്ന 10 ഭക്ഷണങ്ങൾ
ബീൻസും പരിപ്പുവർഗ്ഗങ്ങളും
ഇവ ഡയറ്ററി ഫൈബറാൽ സമ്പന്നമാണ്. ഇവയിൽ അടങ്ങിയിട്ടുള്ള റെസിസ്റ്റന്റ് സ്റ്റാർച്ച്, കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-കാൻസർ ഗുണങ്ങളുള്ള ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (ബ്യൂട്ടൈറേറ്റ് പോലുള്ളവ) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ബ്രോക്കോളി പോലുള്ളവ
കാബേജ്, കോളിഫ്ലവർ എന്നിവയ്ക്ക് വിഷാംശം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇവയിൽ അടങ്ങിയ സൾഫോറാഫെയ്ൻ, ഇൻഡോൾ-3-കാർബിനോൾ എന്നീ സംയുക്തങ്ങൾ കാർസിനോജനുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
ബെറികൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവയിൽ ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും വൻകുടൽ പാളിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഓട്‌സ്, ബാർലി, ക്വിനോവ
ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സംസ്കരിച്ച ധാന്യങ്ങൾക്ക് (refined grains) പകരം ഇവ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ മാറ്റമുണ്ടാക്കും.
ഇലക്കറികൾ
ചീര, കടുക് ഇല, ലെറ്റസ് തുടങ്ങിയ ഇലക്കറികളിൽ ക്ലോറോഫിൽ, ഫോളേറ്റ്, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളി
ഇതിലെ അല്ലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങൾ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
തക്കാളി
തക്കാളിയിൽ ലൈക്കോപീൻ (lycopene) എന്ന ആന്റിഓക്‌സിഡന്റ് ധാരാളമുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിച്ച് കാൻസർ സാധ്യത കുറയ്ക്കും. തക്കാളി പാചകം ചെയ്യുന്നത് ലൈക്കോപീൻ ആഗിരണം മെച്ചപ്പെടുത്തുന്നു
തൈരും പുളിപ്പിച്ച ഭക്ഷണങ്ങളും
തൈര്, യോഗർട്ട് തുടങ്ങിയ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കുടൽ സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യകരമായ മൈക്രോബയോം കുടൽ പാളിയെ ശക്തിപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
പരിപ്പും വിത്തുകളും
ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വീക്കം നിയന്ത്രിക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.
കോളൻ കാൻസർ അറിഞ്ഞിരിക്കാം
മാറുന്ന ജീവിതശൈലി, വ്യായാമക്കുറവ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവയെല്ലാം വർധിച്ചുവരുന്ന വൻകുടൽ അർബുദത്തിന് പിന്നിലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പുകവലി, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ സ്ഥിരീകരിക്കപ്പെട്ട അപകട ഘടകങ്ങളാണ്. കൂടാതെ, നീർവീക്കം, കുടലിലെ ബാക്ടീരിയയിലെ അസന്തുലിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവയും കാരണമാകാം.
വൻകുടലിലാണ് കൊളറെക്ടൽ കാൻസർ ആരംഭിക്കുന്നത്. സാധാരണയായി ഇത് വൻകുടലിന്റെ ഉൾവശത്തുള്ള പോളിപ്പുകളിൽ നിന്നാണ് വളരുന്നത്. ഭൂരിഭാഗം പോളിപ്പുകളും നിരുപദ്രവകാരികളാണ്. എന്നാൽ, ചിലത് കണ്ടെത്തി സമയോചിതമായി നീക്കം ചെയ്തില്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ അത് കാൻസറായി മാറാൻ സാധ്യതയുണ്ട്. വൻകുടലിന്റെ ഏറ്റവും ഉള്ളിലെ പാളിയിൽനിന്നാണ് കാൻസർ ആരംഭിക്കുന്നത്. തുടർന്ന് ഇത് രക്തക്കുഴലുകളിലൂടെയോ ലിംഫ് നോഡുകളിലൂടെയോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകട ഘടകങ്ങൾ
- ലിഞ്ച് സിൻഡ്രോം പോലുള്ള അവസ്ഥകൾ
- ഒന്നിലധികം പോളിപ്പുകൾ ഉണ്ടാകുന്നത്
- കുടലിലെ വീക്കം ഡിഎൻഎയെ നശിപ്പിക്കാനും അർബുദത്തിന് കാരണമാകാനും സാധ്യതയുണ്ട്
- പ്രമേഹം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ഇതിന് കാരണമായേക്കാം.
- പാരിസ്ഥിതിക വിഷവസ്തുക്കൾ ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുന്നത്.
ലക്ഷണങ്ങൾ:
- വയറുവേദന
- മലത്തിൽ രക്തം കാണപ്പെടുന്നത്
- മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം
- മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ
- മലവിസർജ്ജനം പൂർണമായി നടക്കുന്നില്ലെന്ന തോന്നൽ
- കാരണമില്ലാതെ ശരീരഭാരം കുറയുന്നത്
- ക്ഷീണം
കാൻസർ സ്ക്രീനിങ്
അപകടസാധ്യതയുള്ള വ്യക്തികൾ 45 വയസ്സിൽ കോളൻ കാൻസർ സ്ക്രീനിങ് ആരംഭിക്കണമെന്നാണ് ഡോക്ടർ പറയുന്നത്. കുടുംബത്തിൽ മുമ്പ് ഈ രോഗമുണ്ടായവരും ഉയർന്ന അപകടസാധ്യതയുള്ളവരും ഇത് നേരത്തെ തുടങ്ങേണ്ടതാണ്.
Content Highlights: Learn about foods that prevent colon cancer, including fiber-rich options. Discover dietary tips to lower your risk and improve gut health
Published: 28 Oct 2025, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented