മലപ്പുറം: പീരുമേട്ടില്‍നിന്ന് മടങ്ങുന്നതിനിടെ ആസ്വദിച്ച കഞ്ഞിയുടേയും സൗഹൃദത്തിന്റേയും രുചി പങ്കുവെച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സാമൂഹികമാധ്യമത്തിലാണ് കഴിഞ്ഞദിവസം അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

To advertise here,

ഒരു പള്ളി ഉദ്ഘാടനത്തിനായാണ് അദ്ദേഹം പീരുമേട്ടിലേക്കുപോയത്. തിരികെ വരുംവഴി ഉച്ചയ്ക്ക് രണ്ടരയോടെ തട്ടേക്കണ്ണിയെന്ന സ്ഥലത്തെത്തി. അവിടെ ഒരു ചെറിയ കടകണ്ടു. നല്ലവിശപ്പുണ്ടായിരുന്നതിനാല്‍ അദ്ദേഹവും സുഹൃത്തും മുസ്ലിംലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.ഇ. ഗഫൂറും ഡ്രൈവറും അവിടെയിറങ്ങി 'ജലധാര ടീഷോപ്പ്' എന്ന കടയിലേക്കുകയറി. ബാക്കി കഥ തങ്ങള്‍തന്നെ വിശദീകരിക്കുന്നു.

'കഞ്ഞിയൊണ്ടു, മോരും പയറുപ്പേരിയും പപ്പടവുമൊണ്ട്' -കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു. കഞ്ഞിയും മോരുമെന്നു കേട്ടപ്പോള്‍ വിശപ്പ് ഇരട്ടിച്ചപോലായി. തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ച് ഞങ്ങള്‍ കഞ്ഞി കുടിച്ചുതീര്‍ത്തു. പുറത്തിറങ്ങി കൈകഴുകി തിരിച്ചുവന്നപ്പോള്‍ കടക്കാരനും പുറത്തുവന്നു. 'ആദ്യം മനസ്സിലായില്ലാട്ടോ. സന്തോഷായി, കണ്ടതിലും ഞങ്ങള്‍ടെ കഞ്ഞികുടിച്ചതിലും. പിന്നെ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ'. എന്റെ കൈപിടിച്ചു സ്വരംതാഴ്ത്തി ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു 'ഞാന്‍ സി.പി.എമ്മാ'എന്ന്. അത് നല്ലതല്ലേ ആര്‍ക്കായാലും ഒരു രാഷ്ട്രീയം വേണം, നമ്മള്‍ കേരളക്കാരല്ലേ എന്ന് ഞാനും പറഞ്ഞു.

ഗ്രാമീണതയുടെ നിഷ്‌കളങ്കതയും കുലീനതയും കടയുടമകളിലൊരാളായ ബേബിയുടേയും കുടുംബിനിയുടേയും മുഖത്തുണ്ടായിരുന്നൂവെന്ന് തങ്ങള്‍ കുറിപ്പില്‍ പറയുന്നു. ഈ അനുഭവത്തോടൊപ്പം അവരോടൊപ്പം എടുത്ത ഫോട്ടോയും കഞ്ഞിയുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു.