കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനത്തുള്ള കീടനാശിനി അംശ പരിശോധനാ ലാബില്‍ ഈയിടെ രണ്ട് ഇനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന ഫലം. തമിഴ്‌നാട്ടില്‍നിന്ന് വാങ്ങി ഓസോണ്‍ വാഷ് നടത്തിയ മുന്തിരിയും തക്കാളിയുമാണ് ഈ ലാബില്‍ പരിശോധനയ്ക്കായി മണ്ണാര്‍ക്കാട് സഹകരണബാങ്ക് എത്തിച്ചത്. ഏറ്റവും അധികം രാസകീടനാശിനി അംശം ഉണ്ടെന്ന് വിശ്വസിക്കുന്ന മുന്തിരിയും തക്കാളിയും ഓസോണില്‍ കഴുകിയെടുത്തപ്പോള്‍ ഒരംശം പോലും കണ്ടെത്താനായില്ല.

To advertise here,

പരിശോധനയില്‍ ഇവയിലെ കീടനാശിനി അംശത്തിന്റെ അളവ് 0.01 പി.പി.എം. (ദശലക്ഷത്തില്‍ 0.01 ഭാഗം) ആയിരുന്നു. ഒരു വസ്തുവിലെ 21 തരം കീടനാശിനികളുടെ അംശ അവശിഷ്ടങ്ങളാണ് ഈ ലാബില്‍ ഒരേസമയം പരിശോധിച്ച് കണ്ടെത്താനാകുക. ഒരു കീടനാശിനിയുടെ അംശം പോലും കണ്ടെത്താനായില്ലെന്നത് ഓസോണ്‍ വാഷ് എന്ന പുതിയ കീടനാശിനി മുക്ത പ്രക്രിയയുടെ വിജയമാണെന്നാണ് വിലയിരുത്തല്‍. 

മണ്ണാര്‍ക്കാട് സഹകരണബാങ്ക് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന കീടനാശിനിമുക്ത പഴം-പച്ചക്കറി വിതരണ പദ്ധതിക്കായാണ് 60 ലക്ഷം രൂപ ചെലവില്‍ ഓസോണ്‍ വാഷ് പ്ലാന്റ് വാങ്ങിയത്. ഈ പദ്ധതി നടപ്പാക്കും മുന്നേ പരീക്ഷണാടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍നിന്നുവാങ്ങിയ മുന്തിരിയും തക്കാളിയും ഓസോണ്‍ ക്ലീനിങ് നടത്തി വിജയം അറിയാനായി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അംശ പരിശോധനാ ലാബിേലക്ക് അയച്ചത്.

മണ്ണാര്‍ക്കാട് ബാങ്കാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരം പ്ലാന്റ് വാങ്ങിയത്. ബാങ്ക് ആരംഭിക്കാനിരിക്കുന്ന നാട്ടുച്ചന്ത എന്ന പദ്ധതിയിലേക്കാണ് ഇത് സ്വന്തമാക്കിയത്. നാട്ടുച്ചന്തയിലേക്കുള്ള എല്ലാ ഇനങ്ങളും ഇത്തരത്തില്‍ വൃത്തിയാക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുക.പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകള്‍ ഇനി മുതല്‍ ബഹുമുഖ സേവനകേന്ദ്രങ്ങളും ആകണമെന്ന കേന്ദ്രപദ്ധതിയിലാണ് നാട്ടുച്ചന്ത പ്രാവര്‍ത്തികമാക്കുന്നത്.പദ്ധതിക്കായി നബാര്‍ഡ് രണ്ടു കോടി വരെ ഏഴു വര്‍ഷത്തേക്ക് ഒരു ശതമാനം പലിശയിലും തുടര്‍ന്നുള്ള തുക നാല് ശതമാനത്തിലും അനുവദിക്കും.

ഓസോണ്‍ വാഷ് പ്ലാന്റ്

-പച്ചക്കറികളും പഴവര്‍ഗങ്ങളും കീടനാശിനി മുക്തമാക്കി കഴുകിയെടുത്ത് വായുകടക്കാത്ത പായ്ക്കറ്റുകളാക്കുന്ന സംവിധാനമാണിത്.
-മണ്ണാര്‍ക്കാട് ബാങ്ക് വാങ്ങിയ പ്ലാന്റിന് മണിക്കൂറില്‍ 500 കിലോഗ്രാം കഴുകി പായ്ക്ക് ചെയ്യാനാകും.
-ആദ്യം സാധാരണ വെള്ളത്തിലും പിന്നീട് മൈനസ് നാല് ഡിഗ്രിയുള്ള വെള്ളത്തില്‍ ഓസോണ്‍ കുമിളകള്‍ കടത്തിവിട്ടാണ് കഴുകുന്നത്. 
-ഓസോണ്‍ വാഷ് പഴങ്ങളുടേയും പച്ചക്കറികളുടേയും പുതുമ നിലനിര്‍ത്തുകയും ചെയ്യും.