ചോറുപോലെ ഓട്സും ഒരു ജനപ്രിയ ഭക്ഷണമായി മാറിയിരിക്കുകയാണ്. പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായുമെല്ലാം നാം ഓട്‌സ് കഴിക്കാറുണ്ട്. റോൾഡ്, സ്റ്റീൽ-കട്ട് ഓട്സ്, ഇൻസ്റ്റന്റ്, ഫ്‌ളേവേഡ് ഓട്സ് എന്നിവയെല്ലാം കടകളിൽ ലഭ്യമാണ്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഭക്ഷണമായി കണക്കാക്കാൻ ആകുമോ?
ഓട്‌സുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് സോഷ്യൽമീഡിയയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. പളനിയപ്പൻ മാണിക്യം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. പത്ത് ചോദ്യങ്ങൾക്കാണ് അദ്ദേഹം ഉത്തരം നൽകിയത്.
ശരീരഭാരം കുറയ്ക്കാൻ ഓട്സ് നല്ലതാണോ?
അതെ എന്നാണ് ഡോക്ടറുടെ മറുപടി. ഓട്സിൽ ഉയർന്ന തോതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
ഓട്സ് കൊളസ്‌ട്രോൾ കുറയ്ക്കുമോ?
ഓട്സ് കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന് അദ്ദേഹം പറയുന്നു. ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്‌ട്രോൾ എന്ന് അറിയപ്പെടുന്ന എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. മാണിക്യം വിശദീകരിച്ചു.
പ്രമേഹമുള്ളവർ ഓട്സ് കഴിക്കുന്നത് നല്ലതാണോ?
പ്രമേഹ രോഗികൾ നിയന്ത്രിത അളവിൽ ഓട്സ് കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ പറയുന്നു. എന്നിരുന്നാലും ഓട്‌സ് ഏതെങ്കിലും പ്രോട്ടീനുമായി ചേർത്ത് കഴിക്കുന്നതാണ് നല്ലതെന്നാണ് ഡോക്ടർ വിശദമാക്കുന്നത്.
ഇൻസ്റ്റന്റ് ഓട്സ് അനാരോഗ്യകരമാണോ?
ഇൻസ്റ്റന്റ് ഓട്സ് ഒരു അനാരോഗ്യകരമായ ഭക്ഷണമല്ലെങ്കിലും അവ കഴിച്ചാൽ വയറുനിറഞ്ഞതായി തോന്നില്ല. മാത്രമല്ല അവ സംസ്‌കരിച്ച ഭക്ഷണവുമാണ്. ഇൻസ്റ്റന്റ് ഓട്സ് പോലുള്ള പഞ്ചസാര ചേർത്തവയെക്കാൾ പ്ലെയിൻ ഓട്സ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലതെന്നാണ് ഡോക്ടർ വീഡിയോയിൽ പറയുന്നത്.
എല്ലാ ദിവസവും ഓട്സ് കഴിക്കാമോ?
ഡോ. മാണിക്യത്തിന്റെ അഭിപ്രായത്തിൽ, മിക്ക ആളുകൾക്കും ദിവസവും ഓട്സ് കഴിക്കുന്നത് സുരക്ഷിതവും പ്രയോജനകരവുമാണ്.
ഓട്സ് അരിയെക്കാൾ മികച്ചതാണോ?
അരിയിലുള്ളതിനെക്കാൾ നാരുകൾ ഓട്സിലുണ്ട്. അരിയായാലും ഓട്‌സ് ആയാലും മിതമായ അളവിൽ അവ കഴിക്കാനായെടുക്കാം.
ഓട്സ് ബ്ലോട്ടിങ്ങിന് കാരണമാകുമോ?
ഭക്ഷണക്രമത്തിൽ പെട്ടെന്ന് ഓട്സ് ഉൾപ്പെടുത്തുകയാണെങ്കിൽ അവ ബ്ലോട്ടിങ്ങിന് കാരണമായേക്കാം. ക്രമേണ ഓട്‌സിന്റെ അളവ് വർധിപ്പിക്കുകയും അതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് നല്ലത്.
വ്യായാമത്തിന് മുമ്പ് ഓട്സ് കഴിക്കുന്നത് നല്ലതാണോ?
വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണ് ഓട്സ്. അവ ദീർഘനേരം സ്ഥിരമായ ഊർജം നൽകുന്നു എന്നതാണ് കാരണം.
ആരോഗ്യകരമായ രീതിയിൽ ഓട്സ് എങ്ങനെ കഴിക്കാം?
പ്ലെയിൻ, റോൾഡ് അല്ലെങ്കിൽ സ്റ്റീൽ-കട്ട് ഓട്സ് എന്നിവ നട്സ്, വിത്തുകൾ, പഴങ്ങൾ, പ്രോട്ടീനുകൾ എന്നിവയോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
റോൾഡ് ആണോ സ്റ്റീൽ-കട്ട് ഓട്സ് ആണോ നല്ലത്?
ഡോ. മാണിക്യത്തിന്റെ അഭിപ്രായത്തിൽ, റോൾഡ്, സ്റ്റീൽ-കട്ട് ഓട്സ് എന്നിവയ്ക്ക് അവയുടേതായ ഗുണങ്ങളുണ്ട്. റോൾഡ് ഓട്സ് തിളപ്പിക്കുമ്പോൾ വേഗത്തിൽ പാകമാകും. ദഹനത്തിന് എളുപ്പമാണ്, കൂടുതൽ സൗകര്യപ്രദവുമാണ്. സ്റ്റീൽ-കട്ട് ഓട്സ് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Oats are high in fiber, promoting satiety and aiding weight management., Regular consumption helps lower LDL cholesterol levels., Diabetics can eat oats, preferably paired with protein., Plain oats are healthier than instant, processed, or sugar-added varieties., Gradual introduction of oats prevents digestive bloating.
Published: 09 Mar 2026, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented