പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അത്യാവശ്യമാണ്. ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും കരുത്ത് നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീൻ ഗുണം ചെയ്യും.
എന്നാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാ ധാരണകളും പ്രചരിക്കുന്നുണ്ട്. അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്നവരും മറിച്ച് ചിന്തിക്കുന്നവരുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ നിരവധി വസ്തൂതാപരമല്ലാത്ത വിവരങ്ങള്‍ പ്രചരിക്കുമ്പോള്‍ സത്യം എന്തെന്ന് കണ്ടെത്തുന്നത് പ്രയാസമായേക്കാം. ഇത്തരത്തിലുള്ള മിഥ്യകള്‍ക്ക് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഉത്തരം നല്‍കുകയാണ് ന്യൂട്രീഷനിസ്റ്റ് ആയ റിധിമ ഭദ്ര.
മസിലുകള്‍ക്ക് മാത്രമാണ് പ്രോട്ടീന്‍ വേണ്ടതെന്ന തെറ്റിധാരണയാണ് പ്രോട്ടീന്‍ സംബന്ധമായ ഏറ്റവും വലിയ മിഥ്യയെന്ന് പറയുന്നു റിധിമ. മസിലുകള്‍ക്കാണ് ഏറ്റവും അധികം പ്രോട്ടീന്‍ ആവശ്യമെങ്കിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്.
എല്ലുകള്‍ക്കും പേശികള്‍ക്കും ലിഗ്മെന്റിനും ശരീരത്തിലെ ഹോര്‍മോണുകള്‍ക്കും പ്രോട്ടീന്‍ ആവശ്യമാണ്. ഇതിനുപുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രോട്ടീന്‍ സഹായിക്കുന്നു.
പുരുഷന്‍മാര്‍ക്ക് വേണ്ടത്ര പ്രോട്ടീന്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ല എന്നതാണ് മറ്റൊരു മിഥ്യ. പുരുഷന്‍മാരെക്കാള്‍ മസില്‍ മാസ് സ്ത്രീകൾക്ക് കുറവാണെങ്കിലും ശരീരഭാരത്തിന് ആനുപാതികമായ പ്രോട്ടീന്‍ സ്ത്രീകള്‍ക്കും ആവശ്യമാണെന്ന് പറയുന്നു റിധിമ. സ്ത്രീകളുടെ ശരീരത്തിന് നിത്യേന ആവശ്യമായ പ്രോട്ടീന്‍ അളവും പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്. ശരീര ഭാരത്തിന്റെ ഓരോ കിലോക്കും 0.8gm പ്രോട്ടീന്‍ ഒരു ദിവസത്തെ ഭക്ഷണത്തിൽ സ്ത്രീകൾ ഉള്‍പ്പെടുത്തണമെന്ന് റിധിമ പങ്കുവെക്കുന്നു.
കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നത് വൃക്ക രോഗങ്ങള്‍ക്ക് കാരണമാകും എന്ന തെറ്റിധാരണയുണ്ട്. അമിതമായി പ്രോട്ടീന്‍ കഴിക്കുന്നത് വൃക്ക രോഗങ്ങളോ കരള്‍ രോഗങ്ങളോ ഉള്ളവരെ മാത്രമായിരിക്കും ബാധിക്കുകയെന്ന് പഠനങ്ങളുള്ളതായി പോസ്റ്റില്‍ പറയുന്നു.
മസില്‍ വളര്‍ച്ചക്ക് പ്രോട്ടീന്‍ പൊടികള്‍ അനിവാര്യമാണെന്ന ധാരണയും തെറ്റാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രോട്ടീന്‍ പൊടികള്‍ സഹായിക്കുമെങ്കിലും മസില്‍ വളര്‍ച്ചക്ക് ഇത് അനിവാര്യമല്ലെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.
മിതമായ രീതിയില്‍ മാത്രം പ്രോട്ടീന്‍ പൗഡര്‍ പോലുള്ള പ്രോട്ടീന്‍ സ്രോതസുകളെ ആശ്രയിക്കുക. മുട്ട, മീന്‍, ഇറച്ചി തുടങ്ങി പ്രോട്ടീന്‍ അടങ്ങിയ പ്രകൃത്യാലുള്ള സ്രോതസുകളെ ആശ്രയിക്കുന്നതാണ് നന്നെന്നും പോസ്റ്റില്‍ പറയുന്നു.
Content Highlights: Protein Myths Debunked: What You Need to Know
Published: 05 Sept 2024, 11:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented