രാവിലെ തന്നെ പലർക്കും ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരാറുണ്ട്. വയറുവേദന, ഗ്യാസ് അല്ലെങ്കിൽ വയറ്റിൽ ഭാരം അനുഭവപ്പെട്ട് ഉണരുക എന്നിവയെല്ലാം ഒരാളെ ദോഷകരമായി ബാധിച്ചേക്കാം. ഇതെങ്ങനെ പരിഹരിക്കാമെന്നതിന് ഒരു എളുപ്പമാർഗം മാർഗം പങ്കുവെച്ചിരിക്കുകയാണ് ന്യൂട്രിഷനിസ്റ്റ് നേഹ സഹായ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അവർ ഇക്കാര്യം വിശദീകരിച്ചത്.

To advertise here,

ഇതിനായി അടുക്കളയിലെ മൂന്ന് സാധാരണ ചേരുവകൾ മാത്രം മതി. വാഴപ്പഴം, നാരങ്ങനീര്, ഇന്തുപ്പ് എന്നിവ. വാഴപ്പഴവും നാരങ്ങയും ഉപ്പും കുടലിന്റെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് ന്യൂട്രിഷനിസ്റ്റ് പറയുന്നു. വയറ്റിൽ സമ്മർദം ചെലുത്തുന്നതിന് പകരം, ദഹനവ്യവസ്ഥയെ സാവധാനത്തിലും സ്വാഭാവികമായും ഉണർത്താൻ ഇവ സഹായിക്കുന്നു.

ബ്ലോട്ടിങ് കുറയ്ക്കാനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പിന്തുണയ്ക്കാനും ദഹനവും മലവിസർജനവും മെച്ചപ്പെടുത്താനും ഇത് ശീലമാക്കുന്നത് നല്ലതാണെന്ന് ന്യൂട്രിഷനിസ്റ്റ് വ്യക്തമാക്കുന്നു.

കാലക്രമേണ, ഈ ദിനചര്യ ദഹനവ്യവസ്ഥയെ കൂടുതൽ സ്ഥിരതയുള്ളതായി നിലനിർത്താനും സഹായിച്ചേക്കാം. അമിതമായി പഴുത്തതിനേക്കാൾ ചെറുതായി ഉറച്ച വാഴപ്പഴമാണ് കഴിക്കാൻ തിരഞ്ഞെടുക്കേണ്ടതെന്ന് നേഹ നിർദേശിക്കുന്നു. കാരണം ഇത് ദഹിക്കാൻ എളുപ്പമാണ്.

ആവശ്യമെങ്കിൽ, വാഴപ്പഴത്തിലെ സ്വാഭാവിക പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ഊർജനില നിലനിർത്താനും സഹായിക്കുന്നതിനായി കുറച്ച് കുതിർത്ത ബദാമോടൊപ്പം കഴിക്കാനും അവർ നിർദേശിക്കുന്നു. വാഴപ്പഴത്തിൽ പ്രീബയോട്ടിക് ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഗുണകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും ചെയ്യുന്നു.

നാരങ്ങ ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ഭക്ഷണം കൂടുതൽ കാര്യക്ഷമമായി വിഘടിപ്പിക്കാൻ വയറിനെ സഹായിക്കാനും സഹായിക്കുന്നു. ഇത് പലപ്പോഴും ആളുകൾക്ക് രാവിലെ വയറ്റിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനും സാധ്യതയുണ്ട്. മിതമായി ഇന്തുപ്പ് ഉപയോഗിക്കുന്നത് ഉദരരസത്തിന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ഗ്യാസും ബ്ലോട്ടിങ്ങും ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ദഹനത്തെ സഹായിക്കുന്ന അവശ്യ ധാതുക്കളും നൽകുന്നു.

രാവിലെ വെറും വയറ്റിലാണ് ഇത് കഴിക്കേണ്ടതെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. മറ്റെന്തെങ്കിലും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദഹനവ്യവസ്ഥയ്ക്ക് സ്വാഭാവികമായി പ്രതികരിക്കാൻ ഇത് നേരത്തെ കഴിക്കുന്നതിലൂടെ സാധിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)