വെളുത്തുള്ളിയെന്ന് ഓർക്കുമ്പോൾ അതിൻ്റെ തീക്ഷ്ണമായ മണമാകും പലരുടേയും മനസ്സിൽ ആദ്യമെത്തുന്നത്. പല വിഭവങ്ങളിലും ഒഴിച്ചുകൂടാനാകാത്ത വെളുത്തുള്ളിക്കായി ഒരു ദിവസ്സം തന്നെയുണ്ടെന്ന് അറിയാമോ? ഇന്ത്യന്‍ ഭക്ഷണ രീതിയിലെ പ്രധാനചേരുവയായ വെളുത്തുളളിയുടെ പ്രാധാന്യം ആഘോഷിക്കാനായി ഏപ്രിൽ 19-നാണ് ലോകത്തെമ്പാടും നാഷണൽ ഗാർലിക് ഡേ ആചരിക്കുന്നത്.
5000 വര്‍ഷം മുമ്പ് മധ്യേഷ്യയിൽ നിന്ന് വെളുത്തുള്ളിയെ കണ്ടെത്തിയതായാണ് പറയപ്പെടുന്നത്. പ്രചാരത്തിലെത്തി ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇന്ത്യന്‍ വിഭവങ്ങളിലേക്ക് വെളുത്തുളളി എത്തിയിരുന്നതായി കരുതപ്പെടുന്നു. 1700-കളോടെ ജെര്‍മന്‍, പോളിഷ്, ഇറ്റാലിയന്‍ യാത്രിക്കാർ സഞ്ചരിച്ച് വടക്കേ അമേരിക്കയിൽ തമ്പടിച്ചപ്പോഴാണ് അമേരിക്ക വെളുത്തുള്ളിയുടെ സ്വാദറിയുന്നത്.
'ലോക വെളുത്തുള്ളി ദിനം' എന്നാണ് ആഘോഷിച്ചു തുടങ്ങിയെന്നതിനേക്കുറിച്ച് കൃത്യമായ വിവരമില്ലെങ്കിലും പോഷകാഹാരങ്ങളില്‍ സമ്പന്നമായ വെളുത്തുള്ളിയുടെ ഗുണങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിനാണ് ഈ ദിവസ്സം. വെളുത്തുള്ളികൊണ്ട് തയ്യാറാക്കാവുന്ന ചില വ്യത്യസ്ഥമായ വിഭവങ്ങളും പരിചയപ്പെടാം.
തൊലി കളയാൻ അൽപ്പം ബുദ്ധിമുട്ടിയാലും ഗുണങ്ങളിൽ മുന്നിൽ
- വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകളാണ് വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നത്.
- വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
- രാത്രി വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.
- രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
- വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയവയുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് ഗുണം ചെയ്യും.
- ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി ഉപകരിക്കും. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി കഴിക്കുന്നത് ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.
വെളുത്തുള്ളി കൊണ്ടുള്ള ചില വിഭവങ്ങള്‍ പരിചയപ്പെട്ടാലോ

വെളുത്തുള്ളി അച്ചാര്‍
ചേരുവകള്‍
വെളുത്തുള്ളി തൊലി കളഞ്ഞത് - 250 ഗ്രാം
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - 10
ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി (ചതച്ച് പേസ്റ്റാക്കിയത്) -2
മുളകുപൊടി - 2 ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - 3 ടീസ്പൂണ്‍
വിനാഗിരി - 3 ടീസ്പൂണ്‍
പഞ്ചസാര - ഒന്നര ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വെള്ളം - അര ഗ്ലാസ്
നല്ലെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളിയും പച്ചമുളകും പുട്ടുകുറ്റിയില്‍ വെച്ച് ഒന്ന് ആവി കയറ്റുക. എണ്ണ ചൂടാകുമ്പോള്‍ ഉലുവയും കടുകും ഇട്ടതിനുശേഷം ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ഇട്ട് വഴറ്റുക. ഈ മിശ്രിതം ചുവന്നുവരുമ്പോള്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. അതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ഇട്ട് ഇളക്കുക. തുടര്‍ന്ന് മുളകുപൊടിയും നാരങ്ങാനീരും ഉപ്പും ചേര്‍ത്ത്, അല്‍പം വെള്ളമൊഴിച്ച് ഒന്ന് തിളപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ വിനാഗിരി ചേര്‍ത്ത് ഉപയോഗിക്കാം.

ഫ്രൈഡ് ഗാർലിക് പൊട്ടെറ്റോ
ചേരുവകൾ
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത്- അരക്കിലോ
ഒലിവ് ഓയിൽ- 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി- 5-6
നാരങ്ങാനീര്-1 ടേബിൾ സ്പൂൺ
ഗ്രീൻ ഒനിയൻ- 1 ടേബിൾ സ്പൂൺ
പാഴ്സ്ലി- 1 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- അരടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കഴുകി വെള്ളം നീക്കിവെക്കുക. ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച ഉരുളക്കിഴങ്ങ് ഒരൊറ്റ ലേയർ മാത്രം ഇടുക. പത്തു മിനിറ്റോളം ഇരുപുറവും ബ്രൗൺനിറമാവും വരെ വേവിക്കുക. ഇനി വെളുത്തുള്ളി ചതച്ചത് ചേർത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാം. ഇനി നാരങ്ങാനീര് ചേർത്ത് ഇളക്കാം. ഗ്രീൻ ഒനിയൻ ചേർത്ത് ഒരുമിനിറ്റ് വേവിക്കാം. മുകളിൽ പാഴ്സ്ലി വിതറി ഉപയോഗിക്കാം.

വെളുത്തുള്ളി ചമ്മന്തി
വെളുത്തുള്ളി അല്ലികള്‍ - 6-8 വരെ
കാശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍
തേങ്ങാ - 1 കപ്പ്
പുളി - ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി അല്ലികള്‍ തൊലി നീക്കി മുഴുവനോടെ എടുക്കുക. എണ്ണ ചൂടാക്കി ചെറുതീയില്‍ നല്ല ബ്രൗണ്‍ കളര്‍ ആകും വരെ വറുത്തെടുക്കുക. വറുത്ത വെളുത്തുള്ളിയും മറ്റു ചേരുവകളും ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് കട്ടി ആയി അരച്ചെടുക്കാം. ചമ്മന്തി തയ്യാര്‍.
Content Highlights: National Garlic Day: Health Benefits & Recipes
Published: 19 Apr 2025, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented