മോങ്ക് ഫ്രൂട്ട് മധുരം അഥവാ മോങ്ക് ഫ്രൂട്ട് സത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ട്. ഇന്ന് ഒരുപാടു പേര്‍ പഞ്ചസാരയ്ക്ക് പകരമായി മോങ്ക് ഫ്രൂട്ട് സ്വീറ്റ്‌നര്‍ ഉപയോഗിക്കുന്നുണ്ട്. എന്താണ് ഈ മോങ്ക് ഫ്രൂട്ട്? എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങള്‍? പരിശോധിക്കാം. 

To advertise here,

മോങ്ക് ഫ്രൂട്ടില്‍ നിന്നാണ് മോങ്ക് ഫ്രൂട്ട് മധുരം വേര്‍തിരിച്ചെടുക്കുന്നത്. ലുവോ ഹാന്‍ ഗുവോ അഥവാ ബുദ്ധ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന മോങ്ക് ഫ്രൂട്ടിന്റെ പിറവി തെക്കന്‍ ചൈനയിലാണ്. വള്ളികളായി പടര്‍ന്ന് വളരുന്ന ചെടിയിലാണ് ഈ പഴമുണ്ടാകുന്നത്. ഇത് ഗ്വാഡ് കുടുംബത്തില്‍ പെടുന്നു. 

മോഗ്രോസൈഡുകള്‍ അടങ്ങിയ ഈ പഴത്തിന്റെ സത്തി(എക്‌സ്ട്രാക്റ്റ്)നായാണ് ഇത് വളര്‍ത്തുന്നത്. ഈ എക്‌സ്ട്രാക്റ്റ് ആണ് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നത്. പഞ്ചസാരയേക്കാള്‍ 100 മുതല്‍ 250 മടങ്ങ് വരെ മധുരമുള്ളതാണ് മോങ്ക് ഫ്രൂട്ട്. ഇതില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

പച്ചനിറത്തിലുള്ള ഉരുണ്ട പഴമാണിത്. അവ ഉണക്കുമ്പോള്‍ ഇത് കാപ്പിനിറമാകും. ഇതില്‍നിന്നാണ് സത്തെടുക്കുക. പരമ്പരാഗത ചൈനീസ് മരുന്നുകളില്‍ മോങ്ക് ഫ്രൂട്ട് ഉപയോഗിച്ചിരുന്നു. കഫക്കെട്ടിനും തൊണ്ടവേദനയ്ക്കും മരുന്നായും ഹെര്‍ബല്‍ ടീ ഉണ്ടാക്കാനും സൂപ്പ് തയ്യാറാക്കാനും മോങ്ക് ഫ്രൂട്ട് ഉണക്കി ഉപയോഗിച്ചിരുന്നു. 

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) അംഗീകാരത്തോടെയാണ് ഇത് മധുരമായി ഉപയോഗിക്കുന്നത്. പഴത്തിന്റെ കുരുവും തൊലിയും നീക്കം ചെയ്ത്, ചതച്ച് നീരെടുക്കുന്നു. ഈ നീര് ഉണക്കി സാന്ദ്രീകൃത പൊടിയാക്കിയാണ് ഈ മധുരം ഉണ്ടാക്കുന്നത്. മോങ്ക് ഫ്രൂട്ടില്‍ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയുള്‍പ്പെടെയുള്ള പഞ്ചസാരകള്‍ അടങ്ങിയിട്ടുണ്ട്.

മിക്ക പഴങ്ങളില്‍നിന്നു വ്യത്യസ്തമായി, മോങ്ക് ഫ്രൂട്ടിലെ പ്രകൃതിദത്ത പഞ്ചസാരയല്ല അതിന്റെ മധുരത്തിന് കാരണം. മോഗ്രോസൈഡുകള്‍ എന്നറിയപ്പെടുന്ന സവിശേഷമായ ആന്റിഓക്സിഡന്റുകളില്‍നിന്നാണ് ഇതിന് മധുരം ലഭിക്കുന്നത്. സംസ്‌കരണ സമയത്ത്, പുതുതായി എടുത്ത നീരില്‍ നിന്ന് മോഗ്രോസൈഡുകള്‍ വേര്‍തിരിക്കുന്നു. അതിനാല്‍, മോങ്ക് ഫ്രൂട്ട് മധുരത്തില്‍ ഫ്രക്ടോസോ ഗ്ലൂക്കോസോ അടങ്ങിയിട്ടില്ല. 

ഈ സത്ത് സാധാരണ പഞ്ചസാരയേക്കാള്‍ കൂടുതല്‍ മടങ്ങ് മധുരമുള്ളതാകാം എന്നതിനാല്‍, മധുരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി നിര്‍മാതാക്കള്‍ മോങ്ക് ഫ്രൂട്ട് മധുരം ഇന്‍സുലിന്‍ അല്ലെങ്കില്‍ എറിത്രിറ്റോള്‍ പോലുള്ള മറ്റ്  ഉല്‍പ്പന്നങ്ങളുമായി യോജിപ്പിക്കാറുണ്ട്. സ്വീറ്റ്‌നര്‍, ഭക്ഷണപാനീയങ്ങളിലെ ചേരുവ, രുചി വര്‍ധിപ്പിക്കുന്നതിന് എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. 

ശരീരഭാരം കുറയ്ക്കുന്നു
മോങ്ക് ഫ്രൂട്ട് മധുരം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും അവകാശവാദങ്ങളുണ്ട്. ഇതില്‍ ഊർജത്തിന്റെ അളവായ കലോറി പൂജ്യമാണെന്നതും ശ്രദ്ധേയം. എങ്കിലും അടുത്തകാലത്തായി വിപണിയില്‍ പ്രചാരം നേടിയ മോങ്ക് ഫ്രൂട്ട് സ്വീറ്റ്‌നര്‍ ശരീരഭാരത്തില്‍ സ്വാധീനം ചെലുത്തുന്നത് വിശദമാക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ല. 

എന്നാല്‍, പഞ്ചസാരയ്ക്ക് പകരമായുള്ള മധുരങ്ങള്‍ ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നിലവിലുണ്ട്. മോങ്ക് ഫ്രൂട്ടിന്റെ പ്രധാന ഘടകങ്ങളായ മോഗ്രോസൈഡുകള്‍ക്ക് ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ടെന്ന് ആ പഠനങ്ങള്‍ ശരിവെക്കുന്നുണ്ട്. 

കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു 
മോഗ്രോസൈഡുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു എന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. 

2022-ല്‍ എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ മോഗ്രോസൈഡുകള്‍ ശ്വാസകോശത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതായി കണ്ടെത്തി. 

പ്രമേഹത്തെ പ്രതിരോധിക്കുന്നു
മോങ്ക് ഫ്രൂട്ട് മധുരത്തില്‍ കലോറിയോ കാര്‍ബോ ഹൈഡ്രേറ്റോ ഇല്ലാത്തതിനാല്‍, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല. അതിനാല്‍, പ്രമേഹമുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. 

ശ്രദ്ധയോടെ ഉപയോഗിക്കാം 
മോങ്ക് ഫ്രൂട്ട് സത്ത് മറ്റ് മധുരങ്ങളുമായി കലര്‍ത്താറുള്ളതുകൊണ്ടുതന്നെ വാങ്ങുന്നതിന് മുമ്പ് ഉല്‍പ്പന്നത്തിന്റെ ലേബലുകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതുണ്ട്. മോങ്ക് ഫ്രൂട്ട് മധുരത്തിന് നിലവില്‍ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെങ്കിലും മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കുന്നതാണ് ഉത്തമം. 

വളര്‍ത്താന്‍ പ്രയാസമാണെന്നതും ഇറക്കുമതിക്ക് ചെലവേറെയായതുമാകാം മറ്റ് മധുരപലഹാരങ്ങളെ അപേക്ഷിച്ച് മോങ്ക് ഫ്രൂട്ട് ലഭ്യത കുറവാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)