സിങ്കപ്പൂർ രുചികള്‍ ഒരു തവണ പരീക്ഷിച്ചവര്‍ ആ രുചി പിന്നെ മറക്കാന്‍ ഇടയില്ല. ഇതേ അനുഭവമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും സിങ്കപ്പൂർ സമ്മാനിച്ചത്. അറുപത് വര്‍ഷത്തെ ഉഭയകക്ഷി ബന്ധത്തെ ഊഷ്മളമാക്കാനായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിൻ്റെ സിങ്കപ്പൂർ സന്ദര്‍ശനം. സിങ്കപ്പൂരിൻ്റെ തനത് ഭക്ഷണം മാക്രോൺ ആസ്വദിക്കുന്ന വീഡിയോ സിങ്കപ്പൂർ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

To advertise here,

സിങ്കപ്പൂരിലെ തനത് രുചികള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ് മാക്രോൺ സന്ദർശിച്ച ലോ പ സാറ്റ് എന്ന ഹോക്കര്‍ സെൻ്റർ. നൂറ്റാണ്ടുകള്‍ പഴക്കുമുള്ള സിങ്കപ്പൂരിലെ ഫുഡ് മാര്‍ക്കറ്റാണ് ലോ പ സാറ്റ്. മാക്രോണ്‍ ഹോക്കര്‍ സെന്ററില്‍ ചിക്കന്‍ റൈസ്, ലക്‌സ, സതേ തുടങ്ങിയ പ്രാദേശിക വിഭവങ്ങള്‍ രുചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

രുചി എങ്ങനെയുണ്ടെന്ന് ലോറൻസ് വോങ് ചോദിക്കുമ്പോൾ വളരെ മികച്ചതെന്ന് മാക്രോൺ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. 

'പഴയ മാർക്കറ്റ്' എന്നർത്ഥം വരുന്ന ലോ പാ സാറ്റ്, ടെലോക് അയെർ മാർക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. 1894-ൽ പുനർനിർമ്മിക്കപ്പെട്ട ഈ സ്ഥലം, വിക്ടോറിയൻ യുഗത്തിലെ തനതായ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങളാലും പ്രശസ്തമാണ്. ഹോക്കർ ഭക്ഷണശാലകൾക്ക് പേര് കേട്ട ലോ പ സാറ്റ്, സിങ്കപ്പൂരിന്റെ പ്രാദേശിക വിഭവങ്ങളായ സതേ, ചിക്കൻ റൈസ്, ചാർ ക്വേ ടിയോ തുടങ്ങിയ രുചികൾ വിളമ്പുന്ന കടകളുടെ പ്രധാന കേന്ദ്രമാണ്.