വര്‍ഷങ്ങളും മാസങ്ങളും ഭരണിയിലിരുന്ന് വീര്യമേറിയ വൈൻ രുചിക്കാനിഷ്ടമുള്ളവർ ഏറെയുണ്ട്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ആഗോളതലത്തിൽ ഏറ്റവും കുറവ് വൈൻ ഉപഭോഗവും ഉത്പാദനവും നടന്ന വര്‍ഷമായിരുന്നു 2024 എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

To advertise here,

1961-മുതൽ ഏറ്റവും കുറവ് വൈന്‍ ഉപഭോഗം നടന്ന വര്‍ഷം 2024 ആണെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വൈന്‍ ആന്റ് വൈന്‍ ( ഒഐവി) പുറത്തുവിട്ട വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വൈന്‍ ഉപഭോഗത്തിലെ ഇടിവിനു പിന്നിലെ കാരണവും വ്യക്തമാക്കുന്നുണ്ട്. ആഗോളതലത്തില്‍ ഉണ്ടായ ആരോഗ്യ ആശങ്കകളും സാമ്പത്തിക മാറ്റങ്ങളുമാണ് പ്രധാനമായി ഈ ഇടിവിനു പിന്നിലെ കാരണമായി ഒഐവി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 

ആഘോഷ അവസരങ്ങളില്‍ വൈൻ കുടിക്കുക എന്ന പരമ്പരാഗത രീതിക്ക് മാറ്റമുണ്ടായതും മറ്റൊരു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻതലമുറക്കാരിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയുടെ മദ്യപാന ശൈലിയിൽ മാറ്റം വന്നതായും റിപ്പോർട്ടിൽ പറയുന്നു.

വില്‍പനയില്‍ മുന്നിട്ടു നിന്നിരുന്ന അമേരിക്കയുടെ വൈന്‍ ഉപഭോഗം പോലും 5.8% കുറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്. ചൈന, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് വൈന്‍ ഉത്പാദനത്തിലെ അതികായർ. ഇവിടങ്ങളിലും വൈൻ ഉപഭോ​ഗത്തിൽ വലിയതോതിലുള്ള കുറവുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇതിനുവിപരീതമായി സ്പെയിനിലും പോർച്ചുഗലിലും വൈൻ ഉപഭോഗം കൂടിയതായും പറയപ്പെടുന്നു.