പ്രമുഖ ഫുഡ്&ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ നമുക്ക് പരിചിതമായ ഒരു പേരുമുണ്ട് കൂട്ടത്തിൽ. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുരപലഹാരമായ കുല്‍ഫി പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്. മറ്റു രാജ്യങ്ങളിലെ ജെലാറ്റോയോടും ഫ്രോസൺ യോഗർട്ടിനോടുമൊക്കെ കിടപിടിച്ച് പലരുടേയും കുട്ടിക്കാലം മനോഹരമാക്കിയ രുചിയാണ് കുൽഫി.

To advertise here,

'കുല്‍ഫി' എന്ന പേര് പേർഷ്യൻ വാക്കായ "ക്വുൽഫി"യിൽ നിന്നാണ് വന്നത്. കുല്‍ഫി തയ്യാറാക്കുന്ന കോണുകളെ സൂചിപ്പിക്കുന്ന 'മൂടിയ പാത്രം' എന്ന അർത്ഥത്തിൽ നിന്നാണ് കുൽഫിയുടെ ഉത്ഭവം. മാമ്പഴം, പിസ്ത-ബദാം, മലൈ, ചോക്ലേറ്റ്, റോസ് തുടങ്ങിയ ഫ്ലേവറുകളിൽ കുൽഫി ഇന്ന് സുലഭമാണ്. 

16-ാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലാണ് കുൽഫി പ്രചാരത്തിലെത്തുന്നത്. രാജകൊട്ടാരങ്ങളിലെ അടുക്കളകളിൽ കട്ടിയുള്ള പാൽ, ഡ്രൈ ഫ്രൂട്ട്സ്, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് ലോഹ കോണുകളിലാണ് ഇവ തണുപ്പിച്ചിരുന്നത്. ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന ഐസ് ഉപയോഗിച്ചാണ് ഇത് സംഭരിച്ചിരുന്നത്. പാശ്ചാത്യ ഐസ്ക്രീമുകളിൽ നിന്ന് വ്യത്യസ്തമായി, കുല്‍ഫി കടയാതെ ഉണ്ടാക്കുന്നതിനാൽ ഇവയ്ക്ക് കട്ടിയുള്ള, ക്രീമി പരുവം ലഭിക്കുന്നു. 

മലയാളികൾക്ക് പരിചിതമായ മിൽക്ക് ഷെയ്ക്ക് പട്ടികയിൽ 26-ാം സ്ഥാനത്തുണ്ട്. 

കുങ്കുമപ്പൂവുകൊണ്ട് രുചിയൂറുന്ന കുല്‍ഫിയുണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍
പാല്‍. ഒരുപാക്ക്
കശുവണ്ടിപ്പരിപ്പ്- അരക്കപ്പ്
ബദാം- അരക്കപ്പ്
പിസ്ത- അരക്കപ്പ്
മഖാന(താമരവിത്ത്)- അരക്കപ്പ്
പഞ്ചസാര- ഒരു കപ്പ്
കുങ്കുമപ്പൂവ്- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച് ക്രീമുപോലെയാക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തില്‍ പാലെടുത്ത് ഒന്ന് തിളപ്പിക്കുക. പിന്നീട് തീ കുറച്ച് 10 മിനിറ്റ് നേരത്തേക്ക് പാല്‍ ഇളക്കിക്കൊണ്ടിരിക്കണം. മറ്റൊരു പാത്രത്തില്‍ അല്‍പം ചൂടുള്ള പാലെടുത്ത് അതില്‍ കുങ്കുമപ്പൂവ് കുതിര്‍ക്കാന്‍ വെക്കുക. 

കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, മഖാന എന്നിവ അരച്ചെടുത്ത് വെക്കുക. കുങ്കുമപ്പൂവ് ചേര്‍ത്തപാല്‍ നേരത്തേ തിളപ്പിച്ചു വെച്ച പാലിലേക്ക് ഒഴിക്കുക. അതിലേക്ക് അരച്ചുവെച്ച ഡ്രൈഫ്രൂട്ട്സ് ഇട്ട് ഇളക്കുക. പാല്‍ കുറുകുന്നതുവരെ കാത്തിരിക്കുക. ഇനി തീ ഓഫാക്കി ഇത് തണുപ്പിക്കാന്‍ വെക്കാം.

തണുപ്പിച്ച കുല്‍ഫി അച്ചുകളിലോ കോണിലോ ഒഴിച്ചുവെക്കുക. ഐസ് ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നത് തടയാന്‍ അലുമിനിയം ഫോയിലുകള്‍ കൊണ്ട് അച്ചുകള്‍ പൊതിയാവുന്നതാണ്. ഇവ രാത്രിമുഴുവനോ ആറേഴ് മണിക്കൂറോ ഫ്രീസറില്‍ വെച്ചശേഷം ഉപയോഗിക്കാം.  

അച്ചുകളില്‍നിന്ന് കുല്‍ഫി പൊട്ടാതെ പുറത്തെടുക്കാന്‍ അവ ഫ്രീസറില്‍നിന്ന് എടുത്ത് 5-10 മിനിറ്റ് നേരത്തേക്ക് വെള്ളത്തില്‍ വെക്കുക. കുല്‍ഫി ആവശ്യമെങ്കില്‍ റോസ് പെറ്റല്‍സോ പിസ്തയോ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.