കൊല്ലം: കഴിഞ്ഞ 40 ദിവസമായി കൊല്ലം കടലില്‍ ശംഖ് മത്സ്യ(ബൈഗ)ത്തിന്റെ കൊയ്ത്താണ്. പ്രതിദിനം 40 മുതല്‍ 50 ടണ്‍വരെ ശേഖരിക്കാന്‍ കഴിയുന്നു. ഇത് കയറ്റുമതിരംഗത്ത് ഏറെ പ്രിയമുള്ളയിനമാണ്. നിലവില്‍ മണല്‍ഖനനത്തിനായി തീരുമാനിക്കപ്പെട്ട കൊല്ലം പരപ്പില്‍നിന്നാണ് ഒച്ചുവര്‍ഗത്തില്‍പ്പെട്ട ഈ ഇനം ഏറെ ലഭിക്കുന്നത്. ഇവിടത്തെ മണല്‍പ്പരപ്പാണ് ഇതിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യം. ഇന്ത്യയില്‍ത്തന്നെ വേറെവിടെയും ഇത്രയുംതോതില്‍ കിട്ടുന്നില്ലെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു.
കടലില്‍നിന്ന് ജീവനോടെയാണ് ശംഖ്മത്സ്യത്തെ കൊണ്ടുവരുന്നത്. ബൈഗ എന്നത് ജാപ്പനീസ് പേരാണ്. കരയിലെത്തിച്ച് കടല്‍വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് മണല്‍ ഇല്ലെന്ന് ഉറപ്പാക്കിയാണ് കയറ്റുമതിക്കായി സജ്ജമാക്കുന്നത്. കൊല്ലം തിരുമുല്ലവാരത്ത് ഇത്തരം ഷെഡ്ഡുകളുണ്ട്. കൊച്ചിയിലും ചില കമ്പനികള്‍ ഇവ പ്രോസസ് ചെയ്യുന്നുണ്ട്. കിലോയ്ക്ക് 160 മുതല്‍ 230 വരെ പ്രാദേശിക മാര്‍ക്കറ്റില്‍ വില ലഭിക്കാറുണ്ട്. തയ്വാന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമാണ് പ്രധാനമായും കയറ്റിയയയ്ക്കുന്നത്.
ഈ മണല്‍പ്പരപ്പില്‍ ഖനനം നടത്തിയാല്‍ സ്വാഭാവികമായും ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുമെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ആശങ്കപ്പെടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ബോട്ടുകള്‍ക്ക് ഇതൊരു നല്ല വരുമാനമാര്‍ഗമാണ്. പൊതുവെ വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന മേഖലയായി മത്സ്യബന്ധനമേഖല മാറിക്കൊണ്ടിരിക്കുകയാണ്. ഖനനം അതിനെ കൂടുതല്‍ ദുഷ്‌കരമാക്കും-പീറ്റര്‍ മത്യാസ് പറഞ്ഞു.
പാരിസ്ഥിതിക ആഘാത പഠനം ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാതെ, വിവിധ ഏജന്‍സികളുടെ പഠനം ഏകോപിപ്പിച്ച് സമഗ്രമായി നടത്തണം. മത്സ്യസമ്പത്തിനെക്കുറിച്ച് സിഎംഎഫ്ആര്‍ഐയുടെയും കടല്‍ നീരൊഴുക്കുകളെയും ഖനനം അവയിലുണ്ടാക്കുന്ന വ്യത്യാസത്തെയുംകുറിച്ച് ഓഷ്യനോഗ്രഫിയുടെ തലത്തിലുള്ള പഠനവുമെല്ലാം അനിവാര്യമാണ്. പരമ്പരാഗത അറിവുകളെയും പഠനത്തിന്റെ ഭാഗമാക്കണമെന്നും മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
Content Highlights: Kollam witnesses a massive Baige clam harvest
Published: 08 May 2025, 10:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented