കാസര്‍കോട്: അങ്കണവാടികുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ട ഒന്നിന് ചെലവ് 10 രൂപയും പാല്‍ ലിറ്ററിന് 60 രൂപയുമായി സര്‍ക്കാര്‍ നിശ്ചയിച്ചു. കടത്തുകൂലി ഉള്‍പ്പെടെയാണിത്. പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസംവീതമാണ് മുട്ടയും പാലും നല്‍കുന്നത്. അരിയും മുട്ടയും പാലുമൊക്കെ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കും.
പച്ചക്കറിയും മസാലയും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പലപ്പോഴും അങ്കണവാടി ജീവനക്കാര്‍ നേരിട്ട് വാങ്ങുകയാണ്. ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് ഇതിന് അനുവദിച്ചത്. കടത്തുകൂലി ഒരുരൂപയും. ഈ തുകയില്‍ ആനുപാതിക വര്‍ധനയില്ലാത്തതിനാല്‍ പച്ചക്കറികളുടെ വില കൂടുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുമ്പോള്‍ ഒന്നിനും തികയുന്നില്ലെന്ന് അങ്കണവാടി ജീവനക്കാര്‍.
അങ്കണവാടി, പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മെനു വനിത-ശിശുവികസനവകുപ്പ് പരിഷ്‌കരിച്ചതോടെ മുട്ടബിരിയാണി അല്ലെങ്കില്‍ മുട്ടപ്പുലാവ്, വെജിറ്റബിള്‍ പുലാവ് തുടങ്ങിയവ ഇതിലേക്ക് വന്നു. കുറുവ അരിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ അരി ഉപയോഗിച്ച് ബിരിയാണിയും പുലാവുമുണ്ടാക്കാനാകില്ല. ഇതിനാവശ്യമായ പച്ചക്കറിയും മറ്റ് സാമഗ്രികളും വേണം. ഇതേക്കുറിച്ചും മിണ്ടാട്ടമില്ല.
മുട്ട ഒന്നിച്ചെത്തിക്കുമ്പോള്‍ കേടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികള്‍ എന്തെങ്കിലും കാരണത്താല്‍ ഹാജരായില്ലെങ്കില്‍ ആ ദിവസത്തെ മുട്ട ബാക്കിയാകും. പ്രാദേശിക വിപണിയില്‍നിന്ന് മുട്ടവാങ്ങാന്‍ അങ്കണവാടികളെ അനുവദിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
33,120 അങ്കണവാടികള്‍; 2.90 ലക്ഷം കുട്ടികള്‍
258 ഐസിഡിഎസ് പ്രോജക്ടിന് കീഴിലുള്ള 33,120 അങ്കണവാടികളിലായി ശരാശരി 2.90 ലക്ഷം കുട്ടികളാണുള്ളത്. ഇത്രയും പേര്‍ക്ക് 52 ആഴ്ച മൂന്ന് മുട്ടവീതം നല്‍കാന്‍ 45.24 കോടി രൂപയാണ് ചെലവ്. കുട്ടികള്‍ക്ക് മൂന്നുദിവസം 125 മില്ലിലിറ്റര്‍ പാല്‍വീതമാണ് നല്‍കേണ്ടത്. മില്‍മ, പ്രാദേശിക ക്ഷീരസംഘങ്ങള്‍, മറ്റ് പ്രാദേശിക പാല്‍വിതരണ സംവിധാനങ്ങള്‍, കുടുംബശ്രീ സംരംഭകര്‍ തുടങ്ങിയവര്‍ മുഖേനയാകും പാല്‍ വിതരണം. ഇത്രയും കുട്ടികള്‍ക്ക് 52 ആഴ്ച മൂന്നുദിവസം 125 മില്ലിലിറ്റര്‍ പാല്‍ വീതം നല്‍കാന്‍ 33.93 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ആകെ 79.17 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. മുട്ടയും പാലും എത്തിക്കുന്നതിനായി വനിത-ശിശുവികസന വകുപ്പ് ഇതിനുപുറമേ 78 ലക്ഷം രൂപകൂടി ആകസ്മികച്ചെലവായി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല.
Content Highlights: Kerala government fixes egg price at ₹10 & milk at ₹60/liter for Anganwadi children
Published: 24 Jun 2025, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented