
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്.
സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മെനു പരിഷ്കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് കുറിപ്പില്‍ പറയുന്നു.
ഇലക്കറി വര്‍ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി) വിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിള്‍ കറികള്‍ (കൂട്ടുകറി, കുറുമ) നല്‍കണം.
വിദഗ്ധ സമിതിയുടെ അഭിപ്രായത്തില്‍ പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണ്.
ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്ക് ആഴ്ചയില്‍ റാഗി ഉപയോഗിച്ചു റാഗി ബാള്‍സ്, മിതമായ അളവില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില് കുതിര്‍ത്തത് (വിളയിച്ചത്), പാല് ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂളില്‍ നല്‍കേണ്ട ദിവസ ഇനങ്ങള്‍
- ഒന്നാം ദിവസം: ചോറ്, കാബേജ് തോരന്‍, സാമ്പാര്‍
- രണ്ടാം ദിവസം: ചോറ്, പരിപ്പ് കറി, ചീരത്തോരന്‍
- മൂന്നാം ദിവസം: ചോറ്, കടല മസാല, കോവയ്ക്ക തോരന്‍
- നാലാം ദിവസം: ചോറ്, ഓലന്‍, ഏത്തയ്ക്ക തോരന്‍
- അഞ്ചാം ദിവസം: ചോറ്, സോയ കറി, കാരറ്റ് തോരന്‍
- ആറാം ദിവസം: ചോറ്, വെജിറ്റബിള്‍ കുറുമ, ബീറ്റ്റൂട്ട് തോരന്‍
- ഏഴാം ദിവസം: ചോറ്, തീയല്‍, ചെറുപയര്‍ തോരന്‍
- എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിര, തോരന്‍
- ഒമ്പതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരന്‍
- ·പത്താം ദിവസം: ചോറ്, സാമ്പാര്‍, മുട്ട അവിയല്‍
- ·പതിനൊന്നാം ദിവസം: ചോറ്, പൈനാപ്പിള്‍ പുളിശ്ശേരി, കൂട്ടുകറി
- പന്ത്രണ്ടാം ദിവസം: ചോറ്, പനീര്‍ കറി, ബീന്‍സ് തോരന്‍
- ·പതിമൂന്നാം ദിവസം: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരന്‍
- ·പതിനാലാം ദിവസം: ചോറ്, വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍
- ·പതിനഞ്ചാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
- ·പതിനാറം ദിവസം: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിള്‍ കുറുമ
- ·പതിനേഴാം ദിവസം: ചോറ്/എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി
- പതിനെട്ടാം ദിവസം: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
- പത്തൊമ്പതാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയല്‍
- ഇരുപതാം ദിവസം: ചോറ്/ ലെമണ്‍ റൈസ്, കടല മസാല
Content Highlights: Kerala school lunch menu
Published: 17 Jun 2025, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented