കാസര്‍കോട്: 150 രൂപ വാടകയ്ക്ക് രണ്ടു ബെഡ് റൂമുള്ള വീട്. പൂന്തോട്ടം, കാറ് കയറ്റിയിടാനുള്ള സ്ഥലം, ബാത്ത് റൂം അറ്റാച്ച്ഡ്, എ.സി... അങ്കണവാടിയിലെ പരിഷ്‌കരിച്ച മെനു കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ ഈ ഡയലോഗ് ഓര്‍മ വന്നാല്‍ അതു തികച്ചും യാദൃച്ഛികമാണെന്ന് പറയാനാവില്ല.

To advertise here,

കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കിയ നാരങ്ങാവെള്ളം, കാലാനുസൃതമായി ലഭിക്കുന്ന പഴച്ചാറുകള്‍, കരിക്കിന്‍വെള്ളം, മോരിന്‍വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ നല്‍കാന്‍ നിര്‍ദേശം. പലഹാരങ്ങള്‍ക്ക് രുചികൂട്ടാന്‍ പ്രാദേശികമായി ലഭിക്കുന്ന പഴങ്ങള്‍, ഏത്തപ്പഴം, ചക്കപ്പഴം, മധുരക്കിഴങ്ങ് പുഴുങ്ങിയത്... എല്ലാറ്റിനുംകൂടി അനുവദിച്ചത് കുട്ടിയൊന്നിന് ആറുരൂപ! ബാക്കി തദ്ദേശസ്ഥാപനങ്ങള്‍ തരണമെന്നാണ്. എവിടെനിന്നെടുത്ത് തരുമെന്ന് ചോദിക്കരുത്!

കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, അധികം മധുരം ചേര്‍ന്ന ജ്യൂസ്, പൊടികള്‍ എന്നിവ നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കിവേണം പഴച്ചാറും കരിക്കിന്‍വെള്ളവും മറ്റും നല്‍കാന്‍. അധികം ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയടങ്ങിയതും അത്യധികം സംസ്‌കരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. ചീരയ്‌ക്കൊപ്പം മുളപ്പിച്ച പയര്‍, പയറില എന്നിവ ചേര്‍ക്കാനും നിര്‍ദേശമുണ്ട്. 

മുട്ട ബിരിയാണി, മുട്ട പുലാവ്, വെജിറ്റബിള്‍ പുലാവ് തുടങ്ങിയവ ഉള്‍പ്പെടുത്തി അങ്കണവാടികളിലെ മെനു വനിത-ശിശുവികസന വകുപ്പ് പരിഷ്‌കരിച്ചിരുന്നു. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന് അങ്കണവാടി ജീവനക്കാര്‍ വേവലാതിപ്പെടുമ്പോഴാണ് പഴച്ചാറും കരിക്കിന്‍വെള്ളവുമൊക്കെ നല്‍കാനുള്ള നിര്‍ദേശം. നിര്‍ദേശം മാത്രമേയുള്ളൂ, ഫണ്ടില്ല. അതിലാണ് ജീവനക്കാര്‍ക്ക് സങ്കടം.

കുട്ടി വന്നില്ലെങ്കില്‍ പാല് പിറ്റേന്ന് തൈരാക്കണം 
ആലത്തൂര്‍: അങ്കണവാടികളില്‍ പാലുകൊടുക്കുന്ന ദിവസം ഹാജരല്ലാത്ത കുട്ടികള്‍ക്ക് പിറ്റേന്ന് അത് തൈരോ മോരോ മോരുകറിയോ ആക്കി ഉച്ചഭക്ഷണത്തിനൊപ്പം കൊടുക്കണമെന്ന് നിര്‍ദേശം. ഈവര്‍ഷംമുതല്‍ ആഴ്ചയില്‍ മൂന്നുദിവസം വീതമാണ് മുട്ടയും പാലും കൊടുക്കുന്നത്. ആ ദിവസം കുട്ടി വന്നില്ലെങ്കില്‍ തൊട്ടടുത്തദിവസം കൊടുക്കുന്നത് ഉറപ്പാക്കണമെന്നാണ് വനിതാ-ശിശു വികസന ഡയറക്ടര്‍ നല്‍കിയ നിര്‍ദേശം.

52 ആഴ്ചകളിലായി 156 മുട്ടയും ദിവസം 125 മില്ലിലിറ്റര്‍ പാല്‍ വീതം 19.5 ലിറ്റര്‍ പാലുമാണ് അങ്കണവാടിക്കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഇതില്‍ ഒരു തുള്ളിപ്പാലുപോലും പാഴാകരുതെന്നാണ് സര്‍ക്കാരിന്റെ മനസ്സിലിരിപ്പ്. കുട്ടി അടുത്ത ദിവസവും വന്നില്ലെങ്കില്‍ തൈര് എന്തുചെയ്യും? പുളി കുറച്ചുകൂടിയാലും തൈര് പാഴാവില്ലെന്ന് സമാധാനിക്കാം. പാലും മുട്ടയും നല്‍കുന്നതിനുള്ള തുക വനിതാ-ശിശുവികസന വകുപ്പ് അനുവദിക്കും.