ത്തരേന്ത്യൻ തെരുവുകളിൽ നിന്നുള്ളതാണെങ്കിലും ഇന്ന് മലയാളികളുടേയും പ്രിയ വിഭവമാണ് പാനി പൂരി. റോഡരികിലെ പെട്ടിക്കടകളിലൂടെ എത്തി ഇന്നിപ്പോൾ ഫൈവ് സ്റ്റാർ റെസ്റ്ററന്റുകളിലെ മെനു പോലും അടക്കിഭരിക്കുകയാണ് പാനി പൂരിയും അതിന്റെ വകഭേദങ്ങളും. അങ്ങനെയുള്ള പാനി പൂരിയെ കുറിച്ച് ഒരു ജാപ്പനീസ് യുവതി കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെർമെസ് എന്ന സംരംഭകയാണ് വൈറലായ കുറിപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തത്.

To advertise here,

ജാപ്പനീസ് ഭാഷയിലാണ് ഹെർമെസിന്റെ പോസ്റ്റ്. തനിക്ക് പാനി പൂരി വളരെയധികം ഇഷ്ടമാണെന്നും സ്വന്തമായി ഒരു പാനി പൂരി കട തുടങ്ങാൻ ആലോചിക്കുന്നുവെന്നും അവർ പറഞ്ഞു. വിദേശ ഭക്ഷണം ഇഷ്ടമല്ലാത്ത തന്റെ ഭർത്താവിനും പാനി പൂരി ഇഷ്ടമാണെന്ന് പറഞ്ഞ ഹെർമെസ്, ഇത് ആസക്തിയുണ്ടാക്കുന്ന വിഭവമാണെന്നും കൂട്ടിച്ചേർത്തു.

'എനിക്ക് പാനി പൂരി വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഒരു പാനി പൂരി കട തുടങ്ങുന്നതിനെ കുറിച്ച് ഗൗരവതരമായി ആലോചിക്കുന്നു. അവിടെ യാത്രക്കാർക്ക് നടന്ന് പോകുമ്പോൾ തന്നെ പാനി പൂരി കഴിക്കാൻ കഴിയും. വിദേശഭക്ഷണങ്ങൾ ഇഷ്ടമല്ലാത്ത എന്റെ ഭർത്താവിന് പോലും പാനി പൂരി ഇഷ്ടമാണ്. താൻ പാനി പൂരിക്ക് അടിപ്പെട്ടുവെന്നും ഇടയ്ക്കിടെ പാനി പൂരി തന്റെ മനസിലെത്തുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. അതൊരു ആസക്തിയാണ്. ഞാൻ ആഴ്ചയിൽ രണ്ടുതവണ പാനി പൂരി കഴിക്കാറുണ്ട്. കൂടാതെ ഒരു പാനി പൂരി കിറ്റും വാങ്ങിയിട്ടുണ്ട്.' -ഹെർമെസ് കുറിച്ചു.

പിന്നാലെ മറ്റൊരു പോസ്റ്റിൽ, താൻ വീണ്ടും പാനി പൂരി കഴിക്കുകയാണെന്നും അവർ കുറിച്ചു. പാനി പൂരിയുടെ ചിത്രവും ഒപ്പം ചേർത്തിരുന്നു. ഈ നിശബ്ദതയിലിരുന്ന് ഇപ്പോൾ പാനി പൂരി കഴിക്കുന്ന ഏക ജാപ്പനീസ് വനിത താനാകുമെന്നും അവർ കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഹെർമെസിന്റെ പോസ്റ്റ് വൈറലായി. സ്വാഭാവികമായും നിരവധി ഇന്ത്യക്കാർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.

'ഇന്ത്യക്കാരെ പോലെ വിദേശികൾക്കും പാനി പൂരി ഇഷ്ടമാണെന്നത് ഏറെ സന്തോഷം പകരുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'നിങ്ങൾ മുംബൈയിലാണെങ്കിൽ സേവ് പൂരിയും എപ്പോഴെങ്കിലും കൊൽക്കത്ത സന്ദർശിക്കുമ്പോൾ പുച്ക (പാനി പൂരിയുടെ ബംഗാളി പതിപ്പ്) എന്നിവ കഴിക്കൂ' എന്ന് മറ്റൊരാൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി. ഗോൽഗപ്പ എന്നും ഇത് അറിയപ്പെടുന്നു.