കൊച്ചി: 'ഇറഷായിമാസേ' ഇരുകൈകളിലെയും പ്ളേറ്റുകളിലെ ജാപ്പനീസ് വിഭവങ്ങള്‍ വിളമ്പുന്ന തിരക്കിനിടയില്‍ നിറചിരിയോടെ ഷിന്താരൊ സ്വാഗതമരുളി. കലൂര്‍-കടവന്ത്ര റോഡിലുള്ള ഒഗാവ ജാപ്പനീസ് കഫേയിലൂടെ പരമ്പരാഗത ജാപ്പനീസ് നൂഡില്‍സ് വിഭവങ്ങളുടെ പറുദീസയൊരുക്കുകയാണ് ഷിന്താരൊ തക്കാന എന്ന ജപ്പാന്കാരനും രണ്ട് മലയാളി സുഹൃത്തുക്കളും. ജപ്പാനിലെ ഒഗാവ എന്ന തന്റെ പട്ടണത്തിലെ രുചിപ്പെരുമയാണ് ഷിന്താരൊ കലൂരിലേക്ക് പറിച്ചുനട്ടത്.
ഗാന്ധിജിയുടെ ആരാധകനായ ഷിന്താരൊ അദ്ദേഹത്തിന്റെ നാട് കാണാന്‍ 2006-ലാണ് ആദ്യം ഇന്ത്യയിലെത്തിയത്. 2023 ജനുവരിയിലെ രണ്ടാംവരവില്‍ ഷിന്താരൊ കൊച്ചിയിലെത്തി. സൈക്കിളില്‍ കൊച്ചി കറങ്ങിക്കാണുകയായിരുന്നു ലക്ഷ്യം. കടവന്ത്രയില്‍ മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ടെയില്‍സ് എന്ന സൈക്കിള്‍ ഷോപ്പിലേക്കെത്തിയ ഷിൻതാരൊ ജീവനക്കാരനായ പി.എസ്. സിനാജിനെ പരിചയപ്പെടുന്നു. അവിടെ നിന്ന് 47,000 രൂപയുടെ സൈക്കിൾ വാങ്ങി മടങ്ങിയ ഷിന്താരൊ മൂന്ന് മാസത്തിനുശേഷം വീണ്ടും സിനാജിനെ തേടിയെത്തി. താന്‍ ജപ്പാനില്‍ നിന്നും തിരികെയെത്തുംവരെ സൈക്കിളും പ്രിയപ്പെട്ട ഗിത്താറും സൂക്ഷിക്കണമെന്നായിരുന്നു ആവശ്യം. അവിടെ മൊട്ടിട്ട സൗഹൃദമാണ് ഷിന്താരൊയില് കൊച്ചിയിലൊരു ജാപ്പനീസ് കഫേ എന്ന സ്വപ്നത്തിന്റെ വിത്തുപാകിയത്.
ജപ്പാനില്‍നിന്ന് തിരിച്ചെത്തിയ ഷിന്താരൊ തന്റെ സ്വപ്നവും ബിസിനസില്‍ പങ്കാളിയാകാനുള്ള ഓഫറും സിനാജിനോട് പങ്കുവെച്ചു. ഷിന്താരൊയ്ക്ക് ജപ്പാനില്‍ റസ്റ്ററന്റ് നടത്തി പരിചയമുണ്ടായിരുന്നു. സിനാജ് സുഹൃത്തായ ആസിഫ് അലിയെയും കൂടെകൂട്ടി. അങ്ങനെ ഷിന്താരൊ ഗ്രൂപ്പ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങി.
ഉഡോനും നൂഡില്‍സ് ബൂത്തും
ഉഡോന്‍ നൂഡില്‍സും കക്കിയാഗേയുമെല്ലാം ജപ്പാന്‍കാരന്റെ കൈപ്പുണ്യത്തോടെ ഒഗാവ കഫേയില്‍ രുചിക്കാം. കുഴച്ചെടുത്ത മൈദയില്നിന്ന് കലാകാരന്റെ കൈവഴക്കത്തോടെ ഷിന്താരൊ, നൂഡില്‍സ് കൃത്യമായി മുറിച്ചെടുക്കുന്നത് കാണാന്‍ നൂഡില്‍സ് ബൂത്തും കഫേയിലുണ്ട്. ജാപ്പനീസ് ഉഡോന്‍ നൂഡില്‍സും ഇന്ത്യന്‍ കറികളുടെ രുചിഭേദവുമാണ് കൊച്ചിക്കാര്‍ക്കായി ഒരുക്കുന്നതെന്ന് ഷിന്താരൊ പറയുന്നു. അധികം തിരക്കില്ലാത്ത സമയത്ത് എത്തുന്ന ഭാഗ്യശാലികള്‍ക്ക് ഷിന്താരൊ ഗിത്താര്‍ വായിക്കുന്നത് കാണാനും അവസരമുണ്ട്.
Content Highlights: japanese man started a restaurant in kochi
Published: 11 Mar 2024, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented