ചേട്ടാ... കുറച്ച് മയോണൈസ് കൂടി... ഇപ്പോൾ കുറച്ചേറെക്കാലമായി ഫുഡ് സ്പോട്ടുകളിലെ പ്രധാന ആവശ്യം ഇതായിരിക്കും. മന്തി, അൽഫാം, ഷവർമ എന്ത് തന്നെയായലും മയോണൈസ് നിർബന്ധമാണ്. സുഹൃത്തുക്കൾക്കിടയിൽ ആരെങ്കിലുമൊക്കെ കാണും ഇത്തരത്തിൽ ഭക്ഷണത്തെക്കാളേറെ മയോണൈസ് കഴിക്കുന്നവർ. ഇത്തരം ട്രോളുകളും ട്രെൻഡിങ്ങാണ്. മയോണൈസിനോട് ഇത്രയൊക്കെ പ്രിയമാണ് ആളുകൾക്കെങ്കിലും ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നതിൽ സംവാദങ്ങളും നിരവധിയുണ്ടാകാറുണ്ട്. 

To advertise here,

മുട്ട ചേർക്കാതെയും എണ്ണ ചേർക്കാതെയുമൊക്കെ പലതരം മയോണൈസ് റെസിപ്പികളും പ്രചാരത്തിലുണ്ട്.  ഇപ്പോൾ റെഡി ടു യൂസ് മയോണൈസ് പോലും മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽ ശീതളപാനീയ രൂപത്തിൽ മയോണൈസ് ലഭിച്ചാലോ? തമാശയല്ല, കാര്യമാണ്, ഡ്രിങ്കബിൾ ഫോർമാറ്റിൽ മയോ ലഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

സംഭവം ഇന്ത്യയിലല്ല, അങ്ങ് ജപ്പാനിലാണ്.. നോമോ മയോ(ഡ്രിങ്കബിൾ മയോ) എന്നാണ് പേര്. ജാപ്പനീസ് കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ ലോസൺ ആണ് നോമോ മയോ  പുറത്തിറക്കിയത്. പാനീയത്തിൻ്റെ വില ¥198 (ഏകദേശം 112 ഇന്ത്യൻ രൂപ) ആണ്. സുഷി, റൈസ് ബോൾ, പിസ്സ തുടങ്ങിയ വിഭവങ്ങളിൽ ജപ്പാൻക്കാർ മയോണൈസ് ഉപയോഗിക്കാറുണ്ട്. എന്നാൽ പാനീയ രൂപത്തിൽ മയോ എത്തുന്നതിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

നോമോ മയോ യഥാർത്ഥ മയോണൈസല്ലെന്നും "മയോണൈസ് ശൈലിയിലുള്ള പാനീയം" ആണെന്നും ലോസൺ വ്യക്തമാക്കുന്നു. പാൽ ഉത്പന്നങ്ങൾ, മയോണൈസ് ഫ്ലേവർ, മുട്ട എന്നിവയാണ് ചേരുവകളായി ലേബലില്‍ ഉള്ളത്. പാനീയത്തിന് മയോണൈസിന്റെ രുചി തന്നെയാണെന്നാണ് റിപ്പോർട്ടുകളെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വാങ്ങരുത് അരോചകമാണെന്നും കമന്റുകളുണ്ട്.