ന്യൂഡൽഹി: ട്രെയിനിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയ സംഭവത്തിൽ കർശന നടപടിയുമായി ഐആർസിടിസി. ഡൽഹി-അമൃത്സർ ഇന്റർസിറ്റി എക്‌സ്പ്രസിലെ പാൻട്രി കാർ മാനേജരെയും സേവനത്തിലുണ്ടായിരുന്ന ജീവനക്കാരെയും റെയിൽവേ ജോലിയിൽ നിന്ന് പുറത്താക്കി.

To advertise here,

യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. റെയിൽവേ നിശ്ചയിച്ച കൃത്യമായ നിരക്കുകൾ മറികടന്നാണ് ഇവിടെ കച്ചവടം നടന്നിരുന്നത്.

  • ചായ/കാപ്പി: യഥാക്രമം 5 രൂപയും 10 രൂപയും നൽകേണ്ട സ്ഥാനത്ത് 10 രൂപയും 20 രൂപയുമാണ് ഈടാക്കിയിരുന്നത്.

  • കുടിവെള്ളം: 14 രൂപയുടെ ലിറ്റർ ബോട്ടിലിന് 20 രൂപ വാങ്ങി.

  • ബിരിയാണി: അമിതവില ഈടാക്കിയതിന് പുറമെ സാലഡ്, തൈര്, നാപ്കിൻ എന്നിവയൊന്നും നൽകാതെയാണ് ബിരിയാണി വിതരണം ചെയ്തിരുന്നത്.

യാത്രക്കാരൻ ഇതിനെതിരെ പരാതി നൽകിയപ്പോൾ, കുറഞ്ഞ വിലയിലുള്ള ചായ നിങ്ങൾ ചോദിക്കാത്തത് കൊണ്ടാണ് കൂടിയ വില വാങ്ങിയതെന്ന ന്യായീകരണവുമായി റെയിൽവേ ജീവനക്കാർ രംഗത്തെത്തി. കൂടാതെ യാത്രക്കാരനെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. വീഡിയോ വൈറലായതോടെ എക്‌സിലൂടെ മാപ്പുചോദിച്ച ഐആർസിടിസി, കുറ്റക്കാരായ ജീവനക്കാരെ ഉടൻ പുറത്താക്കിയതായും കരാറുകാരന് വൻ തുക പിഴ ചുമത്തിയതായും അറിയിച്ചു.

അമിതവില തടയുന്നതിനായി വൈകാതെ തന്നെ ട്രെയിനുകളിൽ ഇ-പാൻട്രി സംവിധാനം ഏർപ്പെടുത്തുമെന്നും യാത്രക്കാർക്ക് ഡിജിറ്റലായി പണമടച്ച് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാമെന്നും റെയിൽവേ വ്യക്തമാക്കി.

‘സാധാരണക്കാർക്ക് വലിയൊരു തിരിച്ചടിയാണ് ഇത്തരം അമിതവില ഈടാക്കൽ. 80 രൂപയുടെ ഭക്ഷണത്തിന് 180 രൂപ നൽകേണ്ടി വരുന്നത് പലരുടെയും വിശപ്പടക്കാനുള്ള പണമാണ് നഷ്ടപ്പെടുത്തുന്നത്’ - വീഡിയോ പങ്കുവെച്ച യാത്രക്കാരൻ കുറിച്ചു.