ചില പഴങ്ങൾ കാണുന്നത് തന്നെ കണ്ണിന് കുളിർമയാണ്. പ്രത്യേകിച്ച കറുത്ത ചെറിയ കുരുക്കൾ പഴത്തിൻ്റെ ഇടയിൽ ഇരിക്കുന്ന കാഴ്ച. ഡ്രാഗൺ ഫ്രൂട്ടും കിവിയുമെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. കാഴ്ചക്കുള്ള ഭംഗിക്കുപുറമേ വിലയൽപ്പം കൂടുതലാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമായ ഫലമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമാണ്. ദൈനംദിന ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.  

To advertise here,

എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ നിന്ന് പരിശീലനം ലഭിച്ച ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി ഇൻസ്റ്റാഗ്രാമിൽ കിവിയുടെ ഗുണങ്ങളെ പറ്റി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.  
 
മലബന്ധത്തിന് പരിഹാരം 

കിവിയിൽ അടങ്ങിയിട്ടുള്ള പ്രത്യേക നാരുകൾക്ക് മലവിസർജനം മൃദുവാക്കാൻ സഹായിക്കും.  മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മലബന്ധം (Irritable Bowel Syndrome - IBS) ഉള്ളവരിൽ വയറ്റിലെ വീക്കം, ഗാസ്, വേദന എന്നിവ കിവി കഴിച്ചാലുണ്ടാകാൻ സാധ്യത കുറവാണ്.

നാരുകളാൽ സമ്പന്നം

ഒരു കിവിയിൽ 2-3 ഗ്രാം നാരുകളാണുള്ളത്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിൻ്റെ പ്രവർത്തനത്തനത്തേയും മലവിസർജനം കൃത്യമായ ഇടവേളയിൽ ആക്കുന്നതിനും സഹായിക്കുന്നു. ദിവസവും രണ്ട് കിവി കഴിക്കുന്നതിലൂടെ ആഴ്ചകൾക്കുള്ളിൽ മലബന്ധ പ്രശ്നങ്ങൾ കുറയക്കാനാകുമെന്ന് പഠനങ്ങളുണ്ട്. 

എൻസൈമുകൾ

കിവിയിൽ അടങ്ങിയിരിക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈം പ്രോട്ടീൻ ദഹിപ്പിക്കാൻ കുടലിനെ സഹായിക്കുന്നു. ഇതിലൂടെ ദഹിക്കാൻ  പാടുള്ള ഭക്ഷണത്തിൻ്റെ ദഹനം സുഖമമാകുന്നു. 

സപ്ലിമെന്റുകളെക്കാൾ മികച്ചത്

ഫൈബർ പൗഡറുകളുടേയും ഗുളികകളുടേയും പ്രവർത്തിനത്തിന് സമാനമായോ അതിനേക്കാൾ മികച്ച രീതിയിലോ കിവി പ്രവർത്തിക്കും.

ദഹനം മാത്രമല്ല

ദഹന പ്രക്രിയ സുഖമമാക്കുന്നതിനു പുറമേ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയും കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വയറിൽ അനുഭവപ്പെടുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

പാഷന്‍ ഫ്രൂട്ട് കിവി സ്മൂത്തി

പാഷന്‍ ഫ്രൂട്ടും കിവിയും ഉപയോഗിച്ച് രുചികരവും ആരോഗ്യപ്രദവുമായി സ്മൂത്തിയുണ്ടാക്കാം. പതിവ് രുചികളില്‍ നിന്നും വ്യത്യസ്തമാണ് ഈ സ്മൂത്തി. പ്രാതലിനായും അല്ലാതെയും ഇത് ഉണ്ടാക്കാവുന്നതാണ്. കുട്ടികള്‍ക്കും ഏറെയിഷ്ടമാകും. ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച പഴങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നല്ലതാണ്.

ചേരുവകള്‍

  • പാഷന്‍ ഫ്രൂട്ട് -3
  • കിവി മുറിച്ചെടുത്തത്-2
  • ഓട്‌സ് മില്‍ക്ക്-അരകപ്പ്
  • തേന്‍-2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാഷന്‍ ഫ്രൂട്ട്, കിവി മുറിച്ചത്, ഓട്‌സ് മില്‍ക്ക്, എന്നിവ തേനും ചേര്‍ത്തും നന്നായി ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കാം. ഇതിന് മുകളിലേയ്ക്ക് ചെറുതായി മുറിച്ച കിവിയും കുറച്ച് പാഷന്‍ ഫ്രൂട്ടും ചേര്‍ത്ത് അലങ്കരിയ്ക്കാം. തണുപ്പ് മാറും മുന്‍പ് കുടിയ്ക്കാം.