വേനൽക്കാലത്ത് വർധിച്ചു വരുന്ന ചൂട് നമ്മുടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങൾ സുരക്ഷിതമായി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങൾ ശ്രദ്ധിക്കാം. 

To advertise here,

പ്രധാന നിർദ്ദേശങ്ങൾ:

  • അസംസ്‌കൃത വിഭവങ്ങൾ വേർതിരിക്കുക: പച്ച ഇറച്ചി, ചിക്കൻ, കടൽ വിഭവങ്ങൾ എന്നിവ മറ്റ് ഭക്ഷണസാധനങ്ങളിൽ നിന്ന് എപ്പോഴും വേർതിരിച്ചു വയ്ക്കുക. ഇവയുടെ നീര് പഴങ്ങളിലോ പച്ചക്കറികളിലോ വീണാൽ പെട്ടെന്ന് ബാക്ടീരിയ പകരാൻ (ക്രോസ് കണ്ടാമിനേഷൻ) സാധ്യതയുണ്ട്. സാധനങ്ങൾ വാങ്ങുമ്പോഴും ഫ്രിഡ്ജിൽ വെക്കുമ്പോഴും ഇവ തമ്മിൽ അകലം പാലിക്കണം.

  • ശരിയായ താപനില: ഫ്രിഡ്ജിലെ താപനില എപ്പോഴും അഞ്ച് ഡിഗ്രി സെൽഷ്യസിനു താഴെ ആയിരിക്കണം. താപനില ഇതിൽ കൂടിയാൽ ബാക്ടീരിയകൾ അതിവേഗം വളരുകയും ഭക്ഷണം വേഗത്തിൽ കേടാകുകയും ചെയ്യും.

  • മുട്ടകൾക്ക് ശ്രദ്ധവേണം: മുട്ടകൾ എപ്പോഴും ഫ്രിഡ്ജിനുള്ളിൽ തന്നെ സൂക്ഷിക്കുക. വേനൽക്കാലത്ത് പകുതി വേവിച്ചതോ വേവിക്കാത്തതോ ആയ മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കുന്നത് മുട്ടകളുടെ ഫ്രഷ്നസ് നിലനിർത്താൻ സഹായിക്കും.

ഭക്ഷണം കാണാൻ കുഴപ്പമില്ലെങ്കിലും മണമില്ലെങ്കിലും അതിൽ വിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകൾ ഉണ്ടാകാം. അശ്രദ്ധമായി ഭക്ഷണം സൂക്ഷിക്കുന്നത് വയറിളക്കം, ഛർദ്ദി, അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ വേനൽക്കാലത്ത് ഈ ചെറിയ മുൻകരുതലുകൾ എടുക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.