ചൂടുകാലാവസ്ഥയിൽ ഒരു സ്‌കൂപ്പ് ഐസ്‌ക്രീം നല്‍കുന്ന സുഖം പറഞ്ഞറിയിക്കാനാകില്ല. ഓരോരുത്തരുടേയും മൂഡിനനുസരിച്ചുള്ള ഫ്‌ളേവറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. 'പരമ്പരാഗത' ഐസ്‌ക്രീം ഫ്‌ളേവറുകളായ വനില, ചോക്ലേറ്റ്, സ്‌ട്രോബറി, മാംഗോ എന്നിവയ്ക്ക് പുറമേ, പാഷന്‍ ഫ്രൂട്ടും, മൂണ്‍ മിസ്റ്റും, മുന്തിരിയുമെല്ലാം ഐസ്‌ക്രീം പ്രേമികൾ പരീക്ഷിച്ചു കഴിഞ്ഞു.

To advertise here,

ഫ്‌ളേവറുകള്‍ മാറാറുണ്ടെങ്കിലും മറ്റ് ഭക്ഷണങ്ങളുമായുള്ള പരീക്ഷണം ഐസ്‌ക്രീമിന്റെ കാര്യത്തില്‍ കുറവാണ്. കേക്കിനൊപ്പം ഐസ്‌ക്രീം ഡസേര്‍ട്ടായി വിളമ്പാറുണ്ട്. എരിവിനൊപ്പം ഐസ്‌ക്രീം സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ?

ഇത്തരത്തിലൊരു കോമ്പിനേഷനാണ് ഡിജിറ്റല്‍ ഡയറി ലണ്ടണ്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയില്‍ കാണിക്കുന്നത്. മൃദുവായ ഐസ്‌ക്രീമിനൊപ്പം പൊട്ടറ്റോ ഫ്രൈസാണ് വിളമ്പിയിരിക്കുന്നത്. രുചിച്ചു നോക്കണമെങ്കില്‍ ലണ്ടനിലെ ചിന്‍ ചിന്‍ ഐസ്‌ക്രീമില്‍ ഇവ ലഭ്യമാണ്. 

ഫ്രെഞ്ച് ഫ്രൈസിന്റെ ഡിപ്പായി വനില ഐസ് ക്രീം പരീക്ഷച്ചപ്പോള്‍ പരിഹസിക്കപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ കോമ്പിനേഷന്‍ തന്റെ രുചിയല്ലെങ്കിലും ഐസ്‌ക്രീമിനൊപ്പം ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ കോമ്പിനേഷന്‍ ഏറെ ഇഷ്ടമാകുമെന്നും കുറിപ്പില്‍ പറയുന്നു.

ഈ പരീക്ഷണം നേരത്തെ ചെയ്ത് വിജയിച്ച നിരവധി പേരാണ് പോസ്റ്റിനു കീഴില്‍ കമന്റുകളായെത്തിയത്. അധികമാരും കണ്ടെത്തിയിട്ടില്ലാത്ത ലണ്ടനിലെ ഭക്ഷണശാലകളാണ് ഈ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇവര്‍ പങ്കുവെക്കുന്നത്.