തിരുവനന്തപുരം: നോർത്ത് ഇന്ത്യൻ, അറബിക് ഡിഷുകൾക്കു പിന്നാലെ നഗരം കീഴടക്കാൻ എത്തുന്ന ജാപ്പനീസ് വിഭവങ്ങൾ... 'റൊബാട്ടാ യാക്കിടോരി' ആണ് ഭക്ഷണരംഗത്തെ പുതിയ ട്രെൻഡ്. ഈ ജാപ്പനീസ് ചാർകോൾ ഗ്രിൽഡ് ചിക്കനു പുറമേ ബ്ലൂപീ ലമൺ ഗ്രാസ് ഫ്രൈഡ് റൈസ്, ഡ്രാഗൺ റോൾ സുഷി ഇങ്ങനെ വെറൈറ്റി ഏഷ്യൻ വിഭവങ്ങൾ നഗരത്തിലെ റസ്റ്ററന്റുകളിലിപ്പോൾ ലഭ്യമാണ്. ശംഖുംമുഖത്തെ പ്രമുഖ റസ്റ്ററന്റിൽ പുക പാറുന്ന യാക്കിടോരിയെ സുഹൃത്തുക്കൾക്കൊപ്പം ട്രൈ ചെയ്യാൻ ഒരുങ്ങുകയാണ് 18-കാരി ശിഖ.
ശംഖുപുഷ്പവും അരിയും ചേർത്ത് ഉണ്ടാക്കുന്നതാണ് ബ്ലൂപീ റൈസ്. ഇറക്കുമതി രുചികളിലെ മന്തിയും അൽഫാമും ബർഗറും ബന്നുമെല്ലാം പിന്നിലാക്കി ഇപ്പോൾ ചൈനീസ്, ജാപ്പനീസ്, തായ്, കൊറിയൻ ഭക്ഷണങ്ങളാണ് ന്യൂജെൻ ട്രെൻഡുകളെ കീഴടക്കുന്നത്.
റീലുകളിൽ റീച്ചാവുന്ന പാശ്ചാത്യ, ഏഷ്യൻ ഭക്ഷണരുചികളോടുള്ള ഭ്രമവും പുത്തൻതലമുറയ്ക്കു കൂടിവരുന്നു. പാചകരീതികളിൽ പാരമ്പര്യത്തിൽനിന്നു വഴിമാറുമ്പോൾ മാംസഭക്ഷണത്തിനും സോസുകൾക്കും പാശ്ചാത്യ പാനീയങ്ങൾക്കും പ്രാധാന്യംകൂടി.
തട്ടുകടകളുടെ പരിഷ്‌കൃത വേർഷനായ സ്ട്രീറ്റ് ഫുഡിന്റെയും ഫുഡ് ട്രക്കുകളുടെയും വിഭവങ്ങളിൽ ഷവർമയും, മോമോസും, ഉത്തരേന്ത്യൻ ചാട്ടുകളും ബൻ മസ്‌കയും ഒക്കെയാണ് സജീവമാവുന്നത്. പത്തിരിയും ഉന്നക്കായയുമടങ്ങുന്ന മലബാർ സ്‌നാക്സും പെരുകുന്നുണ്ട്. ഫാസ്റ്റ്ഫുഡിൽനിന്ന് സ്ലോ കുക്ക്ഡ് ഫുഡിലേക്ക് ട്രെൻഡ് മാറുമ്പോൾ പതിനെട്ടുമണിക്കൂർവരെയെടുത്ത് വേവിച്ചെടുക്കുന്ന ബീഫ് ബ്രിസ്‌കറ്റും തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
മാനസികോല്ലാസത്തിനു ഭക്ഷണത്തിന്റെ പങ്ക്
ജോലി കഴിഞ്ഞിറങ്ങുന്നവർ മാനസികസമ്മർദം കുറയ്ക്കാനായും ഭക്ഷണത്തിനെ ആശ്രയിക്കാറുണ്ട്. നാടൻ ഭക്ഷണങ്ങളോടുള്ള ഭ്രമംപോലെതന്നെ പാശ്ചാത്യ ഭക്ഷണങ്ങളെയും ഇഷ്ടപ്പെടുന്നവരാണ് കൂടുതൽപ്പേരും. വൈകീട്ട് ജോലികഴിഞ്ഞുള്ള വേളകൾ കഫേകളിലോ ഫുഡ് ട്രക്കുകളിലോ ആണ് സുഹൃത്തുക്കൾക്കൊപ്പമോ കുടുംബവുമായോ എത്തുന്നത്. ഭക്ഷണപ്പട്ടികയിൽ മുന്നിൽ പണ്ട് പൊറോട്ടയും ബീഫും ആയിരുന്നെങ്കിൽ ഇപ്പോൾ സ്ലോ കുക്ക്ഡ് ഭക്ഷണങ്ങളും ഇടംനേടിയിട്ടുണ്ട്.
സ്ലോ കുക്ക്ഡ് ഭക്ഷണങ്ങളിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷകരും കഴിക്കാറുണ്ട്. വിദേശിഭക്ഷണങ്ങളായ സ്മോക്ക്ട് ബീഫ് ബ്രിസ്‌ക്കറ്റ്, ഇൻഫ്യൂസ്ഡ് ചിക്കൻ, മന്തി, ഇറ്റാലിയൻ ക്ലാസിക് ക്രീമി ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളുള്ള കടകൾ തേടിപ്പോയി കഴിക്കുന്നവരും അധികമാണ്.
വിഗ്‌നേഷ് ബി. ശിവൻ
സ്വകാര്യ ഹോട്ടൽ ഉടമ
തനതായ രുചികളല്ല
ഉത്തരേന്ത്യൻ ഭക്ഷണങ്ങൾ പലതും തിരുവനന്തപുരത്ത് ഞൊടിയിടയിൽ ലഭിക്കും. എന്നാൽ അവയിൽ പലതിനും തനതായ രുചികളില്ല. ബട്ടർ ചിക്കൻ, കബാബ്, ചാട്ടുകൾ, പാവ് ഭാജി, ചന്നാ മസാല, രാജ്മ, ദാൽമഖ്നി, താലി ഇവയൊക്കെ പാചകം ചെയ്യുന്നതിലും മസാലകൾ ചേർക്കുന്നതിലും മലയാളികളുടെ സ്വാദ് ഉൾപ്പെടുത്തും. പച്ചമാംസം വീതികുറച്ച് മുറിച്ചെടുത്ത് ചോറുമായി ചേർത്ത് കഴിക്കുന്നതാണ് സുഷി. എന്നാൽ ഇവിടെ മിക്കയിടത്തും വേവിച്ച ഇറച്ചിയാണ് വിളമ്പുന്നത്. ഷവർമ, ബ്രിസ്‌ക്കറ്റ് ഉൾപ്പെടെയുള്ള മിക്ക ഭക്ഷണങ്ങളിലും രുചിയിൽ ഈ വ്യത്യാസം വരുന്നുണ്ട്.
അനുഷ്‌ക,
മുംബൈ സ്വദേശി
പഴമയെ മറക്കുന്നു
വിവിധ പാശ്ചാത്യഭക്ഷണങ്ങൾക്കു പിന്നാലെയുള്ള മലയാളിയുടെ ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ പഴമയെ മറക്കുന്നു. വൈറൽ വീഡിയോകളിൽ കാണുന്ന ഭക്ഷണങ്ങളെ പരീക്ഷിച്ചുനോക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുമാണ് പലരുടെയും ശ്രമം. തട്ടുകടകളിൽ കിട്ടിയിരുന്ന രുചിക്കൂട്ടുകളും ഇപ്പോൾ ലഭിക്കാറില്ല. പുതുമകളെ പരീക്ഷണവിധേയമാക്കുന്നത് കൂടുതലും 18-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. ബർഗർ, ഷവർമ, ചീസ്, സ്മോക്ക്ഡ് ഭക്ഷണങ്ങൾ എന്നിവയാണ് എല്ലാവർക്കും ആവശ്യം. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളും ഏഷ്യൻ വൈവിധ്യങ്ങളും ലഭിക്കണമെങ്കിൽ ഇപ്പോൾ നഗരത്തിലെത്തേണ്ടാ. ഫുഡ് ട്രക്കുകളെല്ലായിടത്തും ഇന്നുണ്ട്. പലയിടത്തും തത്സമയ പാചകമായതിനാൽ ഭക്ഷണത്തിന്റെ പുതുമയിലും വിശ്വസിക്കാം.
ഹരി എസ്. പ്രസാദ്
ഫുഡ് വ്‌ലോഗർ
Content Highlights: Explore the latest Asian food trends in Trivandrum, from Japanese Robata Yakitori to slow-cooked Beef Brisket. Discover Chinese, Thai, and Korean flavors conquering new tastes.
Published: 04 Jan 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented