തോപ്പുംപടി: ഹോട്ടലിൽനിന്ന് പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി (ചാറ്) നൽകാതിരുന്നതിനെതിരേ എറണാകുളം സ്വദേശിയായ എസ്. ഷിബുവിന്റെ പോരാട്ടം തുടരും. പൊറോട്ടയ്ക്കൊപ്പം ചാറ് നൽകാൻ ഹോട്ടലുടമയ്ക്ക് ബാധ്യതയില്ലെന്നതടക്കം വിലയിരുത്തി പരാതി തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സംസ്ഥാന കമ്മിഷൻ റദ്ദാക്കി.

To advertise here,

പരാതി മടക്കിയ സംസ്ഥാന കമ്മിഷൻ ഇത് പരിഗണിച്ച് വീണ്ടും തീരുമാനമെടുക്കാൻ ജില്ലാ കമ്മിഷനോട് നിർദേശിച്ചു. പൊറോട്ട വാങ്ങുന്നയാൾക്ക് ചാറ് നൽകുന്ന കാര്യത്തിൽ ഹോട്ടൽ നടത്തിപ്പുകാർക്ക് കരാർ പ്രകാരം ബാധ്യതയുള്ളതായി കണക്കാക്കാനാകില്ലെന്ന് വിലയിരുത്തിയായിരുന്നു ജില്ലാ കമ്മിഷൻ പരാതി തള്ളിയത്. പരാതി ഫയലിൽ സ്വീകരിക്കും മുൻപേ തള്ളുകയും ചെയ്തു. ഈ നടപടികൾ തെറ്റായി എന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറും അംഗം കെ.ആർ. രാധാകൃഷ്ണനും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉപഭോക്തൃ സൗഹൃദ സമീപനമല്ല ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉത്തരവിൽ കുറ്റപ്പെടുത്തി. 2024 നവംബർ 9-ന് കോലഞ്ചേരിയിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പരാതിക്കാരന് ചാറ് നിഷേധിച്ചത്. പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയെങ്കിലും ഗ്രേവി നൽകിയില്ല.

ഷിബുവിന്റെ പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഹോട്ടലിൽ പരിശോധന നടത്തി ചാറ് നൽകാറില്ലെന്നത് സ്ഥിരീകരിച്ചു. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി ലഭിച്ചാൽ 21 ദിവസത്തിനകം ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ കമ്മിഷൻ തീരുമാനമെടുക്കണം. ഷിബുവിന്റ കാര്യത്തിൽ കമ്മിഷൻ പരാതി ഫയലിൽ സ്വീകരിക്കാതെ തള്ളിയത് 21 ദിവസത്തിന് ശേഷമായിരുന്നു. ഇതും തെറ്റായ നടപടിയായെന്ന് ഉത്തരവിൽ പറയുന്നു.

പൊറോട്ട പോലുളള ഉണങ്ങിയ വിഭവങ്ങൾക്കൊപ്പം ചാറ് നൽകണോ വേണ്ടയോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട വിഷയമാണെന്നും സംസ്ഥാന കമ്മിഷൻ അഭിപ്രായപ്പെട്ടു. പരാതിക്കാരനോട് ജൂലായ് 8-ന് ജില്ലാ കമ്മിഷൻ മുൻപാകെ ഹാജരാകാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.