കോയമ്പത്തൂർ: ക്രിസ്മസ് കഴിഞ്ഞിട്ടും മുട്ടവിലയിൽ കുറവില്ല. തിങ്കളാഴ്ച 6.40 രൂപയാണ് വില. കഴിഞ്ഞ നാലുദിവസമായി മുട്ടവില മാറ്റമില്ലാതെ തുടരുകയാണ്. പുതുവർഷംവരെ ഇതേവില തുടരുമെന്നാണ് സൂചന.

To advertise here,

ഡിസംബർ ഒന്നിന് 6.10 രൂപയായിരുന്നു വില. തുടർച്ചയായി 12 ദിവസം ഇതേവില തുടർന്നെങ്കിലും പിന്നീട് കൂടാൻ തുടങ്ങി. ഓരോദിവസവും അഞ്ചു പൈസ വീതമാണ് കൂടിയത്. 23-ന് വില 6.40 രൂപയിലെത്തിയത്. കടകളിൽ ചില്ലറ വിൽപ്പന വില 7.30 രൂപ മുതൽ എട്ട് രൂപവരെയാണ്.

കെയ്ക്ക് നിർമാണം സജീവമായതും ദക്ഷിണേന്ത്യയിൽ ആവശ്യക്കാർ കൂടുതലായതുമാണ് വില കൂടാൻ കാരണമെന്ന് പറയുന്നു. ഒപ്പം ഉത്പാദനത്തിലെ കുറവും വില കൂടാൻ കാരണമാണെന്ന് നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദന കേന്ദ്രമായ നാമക്കലിൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയാണ് കോഴിമുട്ടയ്ക്ക്. ആറുരൂപയിൽ കൂടുതൽ വില വരുന്നതുതന്നെ ആദ്യമാണ്. തണുപ്പുകാലത്ത് ഉത്പാദനം കുറയുന്നത് മൂലം വില കൂടുന്നത് സാധാരണമാണ്. എന്നാൽ, ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് വില കുതിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് വരെ വിലയിൽ കാര്യമായ കുറവുണ്ടാവില്ലെന്നാണ് പറയുന്നത്. എഗ് കോഡിനേഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം മുട്ടയുടെ മൊത്തവില നാമക്കലിലാണ് ഏറ്റവും കുറവ്. വിജയവാഡയിൽ ഏഴുരൂപയും ബെംഗളൂരുവിൽ 7.05 രൂപയും ഹൈദരാബാദിൽ 6.75 രൂപയുമാണ് വില. ഡൽഹിയിൽ 7.50 രൂപയാണ് വില. മുംബൈയിൽ 7.35 രൂപയും. കുറഞ്ഞ വിലയായതിനാൽ നാമക്കൽ മുട്ടയ്ക്ക് എല്ലായിടത്തുനിന്നും ആവശ്യക്കാരുണ്ട്.