കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡ്രൈഫ്രൂട്‌സ് വിപണിയിൽ ഉത്പന്നങ്ങൾക്ക് വിലവർധിച്ചു. അമേരിക്കയിൽനിന്നും ഇറാനിൽനിന്നുമുള്ള ഉത്പന്നങ്ങൾക്കാണ് പ്രധാനമായും വിലവർധനയുണ്ടായത്. പിസ്ത, ബദാം, അത്തിപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവയ്‌ക്കെല്ലാം വിലകൂടിയിട്ടുണ്ട്. ഇറാൻ, അഫ്ഗാനിസ്താൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ഉത്പന്നങ്ങളെത്തുന്നത്.
ബദാമിന്റെ വലിയ ഉത്പാദനകേന്ദ്രമാണ് അമേരിക്കയിലെ കാലിഫോർണിയ. പിസ്തയുടെ ലോകത്തെ പ്രധാന ഉത്പാദകരാണ് അമേരിക്കയും ഇറാനും.
യുദ്ധം തുടങ്ങുന്നതിനുമുൻപ് കോഴിക്കോട് വലിയങ്ങാടി ഭാഗത്തെ കടകളിൽ കിലോയ്ക്ക് 1000 രൂപയുണ്ടായിരുന്ന ഇറാനിൽനിന്നുള്ള പിസ്തയ്ക്ക് നിലവിൽ 1200 രൂപയാണ് വില.
അമേരിക്കയിൽനിന്നുള്ള പിസ്തയ്ക്ക് 1100 ഉണ്ടായിരുന്നത് 1300 ആയി വർധിച്ചു. അമേരിക്കയിൽനിന്നുള്ള ബദാമിന് 800 രൂപയുണ്ടായിരുന്നത് 950 ആയി. ഇറാനിൽനിന്നുള്ള ഉണക്കമുന്തിരിയുടെ വില 400-ൽനിന്ന് 600 ആയി വർധിച്ചിട്ടുണ്ട്. 400 ഗ്രാമിന്റെ പായ്ക്കറ്റിന് 120 രൂപയുണ്ടായിരുന്ന ഇറാനിൽനിന്നുള്ള അത്തിപ്പഴത്തിന്റെ വില 190 ആയി വർധിച്ചു. ഉണക്കമുന്തിരിയും അത്തിപ്പഴവും അഫ്ഗാനിസ്താനിൽനിന്നുകൂടി ഇവിടെയെത്തുന്നുണ്ട്. വില വർധിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള സാധനങ്ങൾ കച്ചവടക്കാർക്ക് കിട്ടാനുണ്ട്.
വിലകൂടിയതോടെ വിൽപ്പന കുറഞ്ഞെന്ന് മദീന ഡേറ്റ്സ് ആൻഡ് നട്സിലെ ജീവനക്കാരൻ വെള്ളയിൽ സ്വദേശി സൽമാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് ബംഗാളിൽനിന്നുള്ള അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയപ്പോൾ കച്ചവടമുണ്ടായിരുന്നു. എന്നാൽ, ഡ്രൈഫ്രൂട്‌സിനെക്കാൾ മസാല ഉത്പന്നങ്ങളോടാണ് അവർക്ക് പ്രിയം. ഏലയ്ക്കക്ക് വില കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്നുള്ള കശുവണ്ടിപോലുള്ളവയ്ക്ക് വലിയ വിലവർധനയുണ്ടായിട്ടില്ലെന്ന് കോഴിക്കോട് കോർട്ട് റോഡിലെ 'കാബൂളിവാല' കടയുടമ പി. ഫാജിസ് പറഞ്ഞു.
ഈത്തപ്പഴത്തിന് റംസാനുശേഷം വിലകൂടിയിട്ടില്ല. ഇപ്പോൾ ഓഫ് സീസണാണെന്നും സീസൺ സമയത്താണ് പശ്ചിമേഷ്യൻ സംഘർഷമെങ്കിൽ ഡ്രൈഫ്രൂട്‌സിന് ഇനിയും വിലകൂടുമായിരുന്നെന്നും വ്യാപാരികൾ പറഞ്ഞു.
Content Highlights: West Asian conflict driving global supply chain disruptions for dry fruits., Significant price hikes observed in Iranian and American imports like pistachios and almonds., Retail prices in Kozhikode markets have seen a 15-50% increase across key items., Domestic produce like Indian cashews remains relatively stable compared to imports., Traders anticipate further volatility if conflicts persist during the peak season.
Published: 30 Apr 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented