ടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറികളില്‍ കറിവേപ്പിലയിട്ടില്ലെങ്കില്‍ വലിയൊരു കുറവായി നമുക്ക് തോന്നും. വിഭവങ്ങളുടെ രുചി മികച്ചതാക്കാന്‍ കറിവേപ്പില വഹിക്കുന്നത് സ്ഥാനവും ചെറുതല്ല. അത്ര നിസാരമല്ല അടുക്കളയിലെ കറിവേപ്പിലക്കാര്യം.

To advertise here,

പച്ചക്കറിയോടൊപ്പം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുമെങ്കിലും എല്ലാമാസവും ഒരു പിടി വേപ്പില വാടിയതും കൊണ്ടും ഉണങ്ങിയതും കൊണ്ടും എടുത്തു കളയുന്നതും പതിവാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ കറിവേപ്പില കളയേണ്ടി വരില്ല. ഉണങ്ങുന്ന കറിവേപ്പിലയെ ഫലപ്രദമായി ഉപയോഗപ്പെടുത്താം.

കറിവേപ്പില ഒന്ന് ഉണങ്ങുകയോ വാടിപ്പോകുകയോ ചെയ്താല്‍  ഇത് ഫ്രിഡ്ജിന് പുറത്തെടുത്ത് നല്ലതുപോലെ ഒന്നുകൂടി ഉണക്കിയെടുത്ത ശേഷം, ഈര്‍പ്പം മുഴുവനായി കളഞ്ഞ് പൊടിച്ച് നല്ല എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കറിവേപ്പിലയിടുന്ന എല്ലാ കറികളിലും ഈ കറിവേപ്പിലപ്പൊടി ചേര്‍ക്കാവുന്നതാണ്. കറിവേപ്പിലയുടെ ഗന്ധവും രുചിയും ഗുണവുമെല്ലാം ഇതിലൂടെയും ലഭിക്കും. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്.ആന്റി-ഓക്‌സിഡന്റ്‌സിനാല്‍ സമ്പന്നമായതിനാല്‍ കറിവേപ്പില നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കും. 

കൂടാതെ കാത്സ്യം, അയണ്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെയെല്ലാം കലവറ കൂടിയാണ് കറിവേപ്പില. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും  മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളര്‍ച്ച കൂട്ടാനും ഇത് സഹായകരമാണ്.

കറികള്‍ക്ക് പുറമെ സാലഡുകള്‍, സൂപ്പുകള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളിലും ചേര്‍ക്കാം. ചോറിലും വേണമെങ്കില്‍ ഈ കറിവേപ്പില പൊടിയുടെ ഒരു നുള്ള് ചേര്‍ക്കുന്നത് നല്ലൊരു ഫ്‌ളേവര്‍ നല്‍കും. കൂടാതെ ലെമണ്‍ റൈസ്, കേഡ് റൈസ്, ടൊമാറ്റോ റൈസ് പോലുള്ള വിഭവങ്ങളിലും കറിവേപ്പില പൊടി ചേര്‍ക്കാം.

വേണമെങ്കില്‍ കറിവേപ്പില പൊടി തയ്യാറാക്കുമ്പോള്‍ ഇതിനോടൊപ്പം അല്‍പം മല്ലി, നല്ല ജീരകം, ഉലുവ, കുരുമുളക്, ചുവന്ന മുളക് എന്നിവ കൂടി ചേര്‍ത്ത് വറുത്തെടുത്ത് പൊടിച്ചെടുക്കാം. കറിവേപ്പിലയും ഉണക്കാന്‍ സാധിച്ചില്ലെങ്കില്‍ വറുത്തും പൊടിച്ചെടുക്കാം. ഇത്തരത്തില്‍ കറിവേപ്പിലയ്ക്ക് പകരം ദീര്‍ഘകാലം സൂക്ഷിക്കാവുന്ന പൊടി ഉപയോഗിക്കാം.