ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 38% വരെ വര്‍ധിപ്പിക്കുമെന്ന് പഠനം. കൃത്രിമ മധുരം ചേര്‍ത്ത ശീതളപാനീയങ്ങളില്‍ നിന്നുള്ള അപകടസാധ്യത, സാധാരണ പഞ്ചസാര ചേര്‍ത്ത പാനീയങ്ങളെക്കാള്‍ കൂടുതലാണെന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പുതിയ പഠനം വ്യക്തമാക്കുന്നു. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 23% ഉയര്‍ന്ന അപകടസാധ്യതയാണ് പഠനത്തില്‍ കണ്ടെത്തിയിരുന്നത്.
മോനാഷ് യൂണിവേഴ്സിറ്റി, ആര്‍എംഐടി യൂണിവേഴ്സിറ്റി, കാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയ എന്നിaവിടങ്ങളിലെ ഗവേഷകര്‍ ഏകദേശം 14 വര്‍ഷത്തോളം 36,000-ത്തിലധികം ഓസ്‌ട്രേലിയന്‍ പൗരന്മാരെ പഠനത്തിനായി നിരീക്ഷണവിധേയമാക്കി. 40-69 വയസ്സിനിടയിലുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ അവരുടെ ഭക്ഷണക്രമം, വ്യായാമം, വിദ്യാഭ്യാസം, ആരോഗ്യ ചരിത്രം എന്നിവയും പരിഗണിച്ചിരുന്നു.
പ്രൊഫസര്‍ ബാര്‍ബറ ഡി കോര്‍ട്ടന്‍(അസോസിയേറ്റ് പ്രൊഫസര്‍ ആലിസണ്‍ ഹോഡ്ജ്), പിഎച്ച്ഡി വിദ്യാര്‍ഥി റോബല്‍ ഹസന്‍ കബ്തൈമര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
'പഞ്ചസാര ചേര്‍ത്തതോ കൃത്രിമ മധുരം ചേര്‍ത്തതോ ആകട്ടെ, ദിവസവും ഒന്നോ അതിലധികമോ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്,' ഹുസൈന്‍ കബ്തൈമര്‍ പറയുന്നു.
'ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിസം' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകള്‍, പഞ്ചസാര ചേര്‍ത്തതും ഡയറ്റ് പാനീയങ്ങളും ഉണ്ടാക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നു.
കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ മധുര പാനീയങ്ങള്‍ക്ക് സുരക്ഷിതമായ ഒരു ബദലല്ല എന്ന് വീണ്ടും വെളിപ്പെടുത്തുന്നതാണ് ഈ പഠനം. പഞ്ചസാര പാനീയങ്ങളും പ്രമേഹവും തമ്മിലുള്ള ബന്ധം പ്രധാനമായും അമിതവണ്ണംകൊണ്ട് വിശദീകരിക്കാമെങ്കിലും ശരീരഭാരം ക്രമീകരിച്ച ശേഷവും കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം ശക്തമായി കാണപ്പെട്ടു. ഇത് ഉപാപചയ പ്രവര്‍ത്തനത്തില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഈ കണ്ടെത്തലുകള്‍ക്ക് പൊതുജനാരോഗ്യ നയങ്ങളില്‍ സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടെന്ന് പ്രൊഫസര്‍ ഡി കോര്‍ട്ടന്‍ പറഞ്ഞു.
'പഞ്ചസാര പാനീയ നികുതി പോലുള്ള നടപടികളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, എന്നാല്‍ കൃത്രിമമായി മധുരം ചേര്‍ത്ത പാനീയങ്ങളിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. ഇവ പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതാണെന്ന് പറഞ്ഞ് വിപണനം ചെയ്യപ്പെടുന്നു, എങ്കിലും അവയ്ക്ക് അവയുടേതായ അപകടസാധ്യതകളുണ്ട്. പോഷകങ്ങളില്ലാത്ത എല്ലാ പാനീയങ്ങളുടെയും ഉപഭോഗം കുറയ്ക്കുന്നതിന് ഭാവിയിലെ നയങ്ങള്‍ വിശാലമായ സമീപനം സ്വീകരിക്കണം.'
ടൈപ്പ് 2 പ്രമേഹം ഏകദേശം 1.3 ദശലക്ഷം ഓസ്‌ട്രേലിയക്കാരെയും ലോകമെമ്പാടുമായി 500 ദശലക്ഷത്തിലധികം ആളുകളെയും ബാധിക്കുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം കേസുകളും ഭക്ഷണക്രമവുമായും ജീവിതശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
Content Highlights: Daily Diet Soda Raises Type 2 Diabetes Risk
Published: 02 Aug 2025, 08:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented