ഷാര്‍ജ: ഈന്തപ്പഴവ്യവസായത്തിന് ഊര്‍ജമേകാന്‍ അല്‍ ദൈദ് ഈന്തപ്പഴോത്സവം ഔദ്യോഗികമായി ഉദ്ഘാടനംചെയ്തതായി ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ.) അറിയിച്ചു.

To advertise here,

എക്‌സ്പോ അല്‍ ദൈദിലാണ് ഈന്തപ്പഴോത്സവം നടക്കുന്നത്. 'ഭൂതകാലത്തിന്റെ സുഗന്ധവും വിടര്‍ന്നുനില്‍ക്കുന്ന വര്‍ത്തമാനകാലവും' എന്ന പ്രമേയത്തില്‍ നാലുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഈന്തപ്പനക്കര്‍ഷകരും വ്യവസായസ്ഥാപനങ്ങളും പങ്കെടുക്കും. എസ്.സി.സി.ഐ. ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഒവൈസ്, എസ്.സി.സി.ഐ. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അമിന്‍ അല്‍ അവാദി തുടങ്ങി ഒട്ടേറെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ സൗദി അറേബ്യയിലെ ബുറൈദ ഈന്തപ്പഴോത്സവത്തിന്റെ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ ഈന്തപ്പഴയിനങ്ങളും കരകൗശലവസ്തുക്കളും കാണാനും മത്സരങ്ങളില്‍ പങ്കെടുക്കാനും ആയിരക്കണക്കിന് ആളുകള്‍ ആദ്യദിവസംതന്നെ എക്സ്പോ അല്‍ ദൈദിലെത്തി. ആറു വിഭാഗങ്ങളിലായി 145 വിജയികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങള്‍ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈന്തപ്പഴ ഉത്പാദനത്തിലും കയറ്റുമതിയിലും പ്രധാന പങ്കുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഈന്തപ്പനക്കൃഷി വിപുലീകരിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് എസ്.സി.സി.ഐ. ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഒവൈസ് പറഞ്ഞു. വിവിധപരിപാടികളും പ്രദര്‍ശനങ്ങളും ആസ്വദിക്കുന്നതിനായി സന്ദര്‍ശകര്‍ക്ക് രാവിലെ എട്ടുമണിമുതല്‍ രാത്രി 10 മണിവരെ പ്രവേശനം ലഭിക്കും. 24-ന് അല്‍ ദൈദ് ഈന്തപ്പഴോത്സവം സമാപിക്കും.