ക്ലോറേറ്റ് എന്ന രാസവസ്തു ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൊക്ക കോള അതിന്റെ ചില ശീതള പാനീയങ്ങള്‍ പിന്‍വലിച്ചു. ബെല്‍ജിയത്തിലെ ഒരു പ്രൊഡക്ഷന്‍ പ്ലാന്റില്‍നിന്നുള്ള കുപ്പികളിലും കാനുകളിലുമുള്ള പാനീയത്തിലാണ് ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തു കണ്ടെത്തിയത്. ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടതെന്നാണ് കൊക്ക കോളയുടെ വിശദീകരണം.

To advertise here,

ഫാന്റ, സ്‌പ്രൈറ്റ്, മിനുറ്റ്‌മെയ്ഡ്, ഫ്യൂസ്ടീ തുടങ്ങിയ ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 328 GE മുതല്‍ 338 GE കോഡില്‍ ഇറങ്ങിയ ഉത്പന്നങ്ങളാണ് പിന്‍വലിച്ചത്.

ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കും പരിമിതമായ അളവില്‍ ഈ സ്റ്റോക്കുകള്‍ പോയിട്ടുണ്ട്. എന്നാല്‍ ആ രാജ്യങ്ങളില്‍നിന്ന് ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചിട്ടില്ലെന്നാണ് കൊക്ക കോള വ്യക്തമാക്കുന്നത്. 

ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ റാപ്പിഡ് അലര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അപകടസാധ്യതയെ 'ഗുരുതരമായത്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഈ മുന്നറിയിപ്പ്.

ഭക്ഷ്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ജലത്തില്‍ ഉപയോഗിക്കുന്ന ക്ലോറിന്‍ അണുനാശിനികളില്‍നിന്നാണ് ക്ലോറേറ്റ് വരുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.