ചൈനീസ് യൂണിവേഴ്‌സിറ്റി കാന്റീനിലെ വിഭവങ്ങളെക്കുറിച്ചും വിലയെക്കുറിച്ചും വിശദമാക്കിക്കൊണ്ട് ഇന്ത്യക്കാരിയായ കോമള്‍ നിഗം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്.

To advertise here,

പ്രാദേശിക വിഭവങ്ങള്‍ മുതല്‍ ലോകോത്തര വിഭവങ്ങള്‍ വരെ ലഭ്യമായ തന്റെ സര്‍വകലാശാലയിലെ കാന്റീന്‍ പരിചയപ്പെടുത്തിയാണ് കോമള്‍ വീഡിയോ ചെയ്തിരിക്കുന്നത്.

മൂന്ന് നിലകളുള്ള കാന്റീനില്‍ കുറഞ്ഞ വിലയ്ക്ക് പലതരം വിഭവങ്ങള്‍ ലഭിക്കുമെന്നും ഓരോ ഫ്‌ളോറിലും എന്തൊക്കെ ഭക്ഷണങ്ങളാണ് ലഭ്യമാകുക എന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ചൈനീസ് വിഭവങ്ങളില്‍ പ്രധാനമായും പ്രാണികളും ഉരഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് പലരും വിശ്വസിക്കുന്നുണ്ടെന്നും, എന്നാല്‍ യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണെന്നും യുവതി വീഡിയോയില്‍ പറയുന്നു.

ഇവിടുത്തെ വിഭവങ്ങള്‍ ഏത് 'ഫൈവ് സ്റ്റാര്‍ മെനുവിലും' ഉള്‍പ്പെടുത്താന്‍ തക്ക രുചിയുള്ളതാണെന്നും വില കൂടിയ ഭക്ഷണം വിളമ്പുന്ന ഒരു റസ്റ്ററന്റും ഈ കാന്റീന്‍ കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും കോമള്‍ നിഗം കൂട്ടിച്ചേര്‍ത്തു.

വീഡിയോയുടെ അവസാനഭാഗത്ത് താന്‍ കഴിക്കാന്‍ എടുത്ത വിഭവങ്ങളും കോമള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തി. അതിന് വെറും 250 രൂപ മാത്രമേ ഉള്ളൂ എന്നും അവള്‍ പറയുന്നു. കാന്റീനിലെ ചായയും ചില പാനീയങ്ങളും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് നല്‍കുന്നതെന്നും യുവതി വിശദീകരിച്ചു.

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളുമായെത്തിയത്. ചിലര്‍ വീഡിയയോയില്‍ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചപ്പോള്‍ ചൈനയില്‍ വെച്ച് തങ്ങള്‍ക്ക് വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് മറ്റുചിലര്‍ പങ്കുവെച്ചു. കോമള്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞും കമന്റ് വന്നു.

ചൈനയില്‍ താമസിക്കുന്ന കോമള്‍ നിഗം മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. ചൈനയിലെ തന്റെ ദൈനംദിന ജീവിതത്തിലെ നല്ലതും മോശപ്പെട്ടതും തമാശ നിറഞ്ഞതുമായ അനുഭവങ്ങള്‍ അവര്‍ വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്.