പരീക്ഷണങ്ങളേറെ നടക്കുന്ന പാനീയമാണ് കാപ്പി. അത്തരമൊരു പരീക്ഷണംകൊണ്ട് ശ്രദ്ധനേടുകയാണ് ചൈനയിലെ ഒരുതരം കാപ്പി. പാറ്റകളെ പൊടിച്ച് മുകളില്‍ വിതറിയും ഉണങ്ങിയ മഞ്ഞ പുഴുക്കളെ പാനീയത്തില്‍ ചേര്‍ത്തുമാണ് ഈ കാപ്പി ഉണ്ടാക്കുന്നത്.

To advertise here,

'കരിഞ്ഞതും ചെറുതായി പുളിയുള്ളതു'മാണ് എന്നാണ് ആളുകള്‍ ഈ കാപ്പിയെ വിശേഷിപ്പിക്കുന്നത്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു കപ്പ് പാറ്റ കോഫിക്ക് 45 യുവാന്‍ (ഏകദേശം 6 യുഎസ് ഡോളര്‍) ആണ് വില. ഇന്‍സെക്ട് മ്യൂസിയത്തിലെ കോഫി ഷോപ്പുകളിലാണ് ഇത് വില്‍ക്കുന്നത്. മ്യൂസിയത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ജൂണ്‍ അവസാനത്തോടെയാണ് ഈ കാപ്പി ആദ്യമായി പുറത്തിറക്കിയതെന്നും അടുത്തിടെ ഇത് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ് ആയെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

ഈ കാപ്പിക്ക് പുറമെ മറ്റ് അസാധാരണമായ പാനീയങ്ങളും മ്യൂസിയം ഉണ്ടാക്കിയിട്ടുണ്ട്. പിച്ചര്‍ ചെടിയുടെ ജ്യൂസ് ഉപയോഗിച്ച് നിര്‍മ്മിച്ച പാനീയങ്ങളും ഹാലോവീന്‍ സമയത്ത് മാത്രം വിറ്റിരുന്ന ഉറുമ്പ് പാനീയവും ഇതില്‍ ഉള്‍പ്പെടുന്നു.

എല്ലാ ചേരുവകളും ഒരു പരമ്പരാഗത ചൈനീസ് മെഡിസിന്‍ (TCM) ഹെര്‍ബ് ഷോപ്പില്‍ നിന്നാണ് വാങ്ങുന്നതെന്നും അതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പാനീയങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നല്‍കാമെന്നും ജീവനക്കാര്‍ പറയുന്നു.

പാറ്റയുടെ പൊടി രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാമെന്നും അതേസമയം പ്രോട്ടീന്‍ സമ്പുഷ്ടമായ പുഴുക്കള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പരമ്പരാഗത ചൈനീസ് ചികിത്സാരീതിയില്‍ പറയുന്നത്.

ഉറുമ്പ് പാനീയത്തിന് പുളി രുചിയാണെന്നും എന്നാല്‍ പിച്ചര്‍ ചെടിയുടെ കോഫി സാധാരണ കാപ്പിയുടെ രുചിയാണെന്നും മ്യൂസിയത്തിലെ ജീവനക്കാരന്‍ പറഞ്ഞു. പാറ്റ കോഫി കുടിക്കുന്നവരില്‍ ഭൂരിഭാഗവും ഈ വിചിത്ര പാനീയത്തെക്കുറിച്ച് കൗതുകമുള്ള യുവാക്കളാണ്, അതേസമയം കുട്ടികളുമായി വരുന്ന മാതാപിതാക്കള്‍ പാറ്റകളെ ഇഷ്ടമല്ലാത്തതുകൊണ്ട് ഇത് ഒഴിവാക്കുന്നു.

പുതിയ കാപ്പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ നിന്നടക്കം സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. തന്റെ ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം ബെയ്ജിങ് ബ്ലോഗറായ ചെന്‍ ഷി പാറ്റ കോഫി പരീക്ഷിച്ചെന്നും താന്‍ വിചാരിച്ചത്ര വെറുപ്പുളവാക്കുന്നതല്ല അതെന്നും വെളിപ്പെടുത്തി.

എന്നിരുന്നാലും, പുതിയ കാപ്പിയെക്കുറിച്ച് കേട്ടറിഞ്ഞ പലരും സംശയാലുക്കളാണ്. പണം തന്നാലും ഈ കാപ്പി കുടിക്കാന്‍ ധൈര്യപ്പെടില്ലെന്നടക്കം പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തി. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും, ഈ കോഫി ഓണ്‍ലൈനില്‍ ഒരു ചര്‍ച്ചാവിഷയമാവുകയും സന്ദര്‍ശകരെ മ്യൂസിയത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുകയാണ്.