കഴിഞ്ഞ പത്തുവര്‍ഷമായി മൂന്ന് നേരവും പുറത്തുനിന്നുമാത്രം ഭക്ഷണം കഴിക്കുന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. പാചകം ചെയ്ത് സമയം പാഴാക്കാൻ മനസ്സില്ലാത്തതുകൊണ്ടും ചെലവ് ചുരുക്കാനുമായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്.
ഇതിനിടയിലാണ് പാചകത്തിനായി മാത്രം ദിവസങ്ങളോളം അടുക്കളയില്‍ ചെലവഴിച്ച ലൈബീരിയന്‍ - ഓസ്ട്രേലിയന്‍ ഷെഫായ ഇവറ്റ് ക്യുബ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവറ്റ് തുടര്‍ച്ചയായി 140 മണിക്കൂറും 11 മിനിട്ടും 11 സെക്കന്റുമാണ് പാചകത്തിനായി അടുക്കളയില്‍ ചെലവഴിച്ചത്. തന്റെ എട്ടാം വയസ്സിലാണ് ഇവറ്റ് പാചക പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. മറ്റുള്ളവര്‍ കളിപ്പാട്ടങ്ങള്‍കൊണ്ട് കളിച്ചപ്പോള്‍ താന്‍ കുഞ്ഞു കപ്പുകള്‍കൊണ്ട് പാചകം ചെയ്യുകയായിരുന്നുവെന്ന് ഗിന്നസ് റെക്കോര്‍ഡ് വൃത്തങ്ങൾക്ക് നൽകിയ അഭിമുഖത്തില്‍ ഇവറ്റ് പറയുന്നുണ്ട്.
മത്സരത്തിൽ മെല്‍ബണ്‍ നഗരവാസികൾക്കും ഇവറ്റിൻ്റെ ഭക്ഷണ വൈവിധ്യങ്ങൾ രുചിക്കാനുളള അവസരമുണ്ടായിരുന്നു. ലൈബീരിയയിലെ തനത് വിഭവങ്ങളാണ് ഇവര്‍ മെല്‍ബണ്‍ സ്വദേശികള്‍ക്കായി തയ്യാറാക്കിയിരുന്നത്.
ലൈബീരിയയില്‍ ആഭ്യന്തരയുദ്ധം നടക്കുമ്പോഴാണ് ഇവറ്റ് ജനിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഐവറികോസ്റ്റിലേക്കും ഘാനയിലേക്കും പാലായനം ചെയ്ത ഇവറ്റ്, പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.
'തികച്ചും വ്യത്യസ്ഥമായ വലിയ സ്വപ്നങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്. തീവ്രമായ ആഗ്രഹങ്ങള്‍ ഉള്ളവളായിരുന്നു ഞാന്‍. എന്നാല്‍ ആഗ്രഹിച്ച പോലെയൊരു ഉയരത്തിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യത്തിലല്ല വളർന്നത്', അഭിമുഖത്തിൽ ഇവറ്റ് അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഏറ്റവും സമയദൈര്‍ഘ്യമേറിയ പാചക മത്സരം ഗിന്നസ് ലോക റെക്കോര്‍ഡ് സംഘടിപ്പിക്കുന്നുണ്ടെന്ന വിവരം തന്നിൽ ആവേശമുണ്ടാക്കിയെന്നും ഇവറ്റ് പറയുന്നു.
രണ്ട് മാസത്തെ പരിശീലനത്തിനുശേഷമാണ് കഠിന മത്സരത്തിൽ ഇവറ്റ് പങ്കെടുക്കുന്നത്. കപ്പ,തക്കാളി,ചേന, റവ, അരി തുടങ്ങിയ ഭക്ഷണ സാധനങ്ങളുമായാണ് ഇവറ്റ് മത്സരത്തിനെത്തിയത്. പ്രശസ്ത ഐറിഷ് ഷെഫായ അലന്‍ ഫിഷറിന്റെ 119 മണിക്കൂര്‍ 57 മിനിറ്റ്, 16 സെക്കന്റ് എന്ന ലോക റെക്കോര്‍ഡായിരുന്നു ഇവറ്റിനു മുന്നിലുള്ള കടമ്പ.
മത്സരാര്‍ത്ഥികള്‍ക്ക് ഓരോ മണിക്കൂറിലും 20 മിനിറ്റ് ഇടവേളയെടുക്കാം. ഈ ഇടവേളകളില്‍ താന്‍ പവര്‍ നാപ് (സമയം കുറഞ്ഞ ഉറക്കം) എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പാചകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ ക്ഷീണമാണ് അനുഭവപ്പെട്ടതെന്നും ഇവറ്റ് ഓര്‍മ്മിക്കുന്നുണ്ട്. ഈ സമയങ്ങളില്‍ തന്റെ ഒപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച ടീമിന് ഇവറ്റ് നന്ദി പറയുന്നുണ്ട്.
കഠിനപ്രയത്നത്തിനും ക്ഷീണത്തിനുമൊടുവിൽ നേടിയ വിജയത്തിനുശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി താന്‍ ഉറങ്ങിത്തീര്‍ത്തതായും ഇവറ്റ് പറയുന്നു. ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്നും ഏതൊക്കെ കാര്യത്തില്‍ കഴിവുണ്ടെന്നും പരിശ്രമിക്കാതെ അറിയാനാകില്ലെന്നാണ് ഇവറ്റ് പറയുന്നത്.
Content Highlights: Chef Breaks Guinness Record for Longest Cooking Marathon
Published: 03 May 2025, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented