സദാ മൊബൈൽ ഫോണിനും ലാപ്ടോപ്പിനും മുന്നിൽ സമയം ചെലവഴിക്കുന്ന ഡിജിറ്റല്‍ ലോകത്ത് കണ്ണുകൾക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. കാഴ്ചയെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ​ഗുണം ചെയ്യും. പൊതുവേ കാരറ്റിനെ കണ്ണിന്റെ ആരോ​ഗ്യത്തിന് മികച്ചതായി കണക്കാക്കാറുണ്ട്. ഇതിനുപുറമേ വിറ്റാമിന്‍ സി,  വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും നേത്രാരോഗ്യത്തിന് മികച്ചതാണ്. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

To advertise here,

സ്വീറ്റ് മാത്രമല്ല, ഹെല്‍ത്തിയുമാണ് സ്വീറ്റ് പൊട്ടറ്റോ

ഫൈബറിന്റെയും പ്രോട്ടീനിന്റെയും കലവറയാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍, കാത്സ്യം, ആന്റി ഓക്സിഡന്റ്സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്

മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും രാത്രിയിലെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ, മധുരക്കിഴങ്ങിലെ മറ്റ് കരോട്ടിനോയിഡുകളും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു.  ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ഇലക്കറികള്‍

ചീരയില ഉള്‍പ്പടെയുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ സി, ല്യൂട്ടെയ്ന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങി കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒട്ടേറെ പോഷകങ്ങള്‍ ധാരാളമായുണ്ട്.

സാല്‍മണ്‍ 

നേത്രാരോഗ്യത്തില്‍ പ്രധാനിയാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍. സാല്‍മണ്‍ മീനുകള്‍ ഇവയുടെ പ്രധാന സ്രോതസാണ്.  ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഏറെയുള്ള സാല്‍മണ്‍, ട്യൂണ, അയല എന്നിവ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ബദാം

വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്,  ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ് ബദാം. പ്രോട്ടീന്‍ അടങ്ങിയ ബദാം വിറ്റാമിന്‍ ഇ കൊണ്ടും സമ്പന്നമാണ്. 

100 ഗ്രാം ബദാമില്‍ 26 മില്ലിഗ്രാം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ബദാമിലുള്ള വിറ്റാമിന്‍ ബി2 കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും തിമിരം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

കയ്പ്പാണെങ്കിലും ഹെൽത്തിയാണ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡുകള്‍ കണ്ണിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നതിന് സഹായിക്കും. 

കാപ്സിക്കം

വിറ്റാമിനുകളായ എ, സി എന്നിവയുടെ മികച്ച സ്രോതസ്സാണ് കാപ്സിക്കം. ഇതും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)