രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന് കേട്ടിട്ടില്ലേ? എന്നാൽ അത് ശീലിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, അല്ലേ? പൂർണമായും രാത്രി വൈകി കഴിക്കുന്നത് നിർത്തുകയാണെങ്കിൽ ശരീരത്തിന് എന്തു സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 90 ദിവസം അങ്ങനെ ചെയ്താൽ ഭക്ഷണത്തോടുള്ള ക്രേവിങ്‌സ് മാത്രമല്ല അതുകൊണ്ടില്ലാതാവുന്നത്. ഈ ശീലം വരുത്തുന്ന ആന്തരിക മാറ്റങ്ങൾ വളരെ പ്രധാനമാണ്.

To advertise here,

ഉറങ്ങുന്നതിന് മുമ്പ് വയറിന് ശരിയായ ഇടവേള നൽകുമ്പോൾ, ദഹനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിങ്ങളുടെ ശരീരം വിശ്രമത്തിനും പുനരുജ്ജീവനത്തിനുമുള്ള സ്ഥിതിയിലേക്ക് മാറും. കാലക്രമേണ, കുടലിന്റെ പ്രവർത്തനങ്ങളുടെ താളത്തിനും ഉറക്കരീതികൾക്കും മാറ്റങ്ങൾ വരുത്തും. മറ്റുള്ളവ എന്തെല്ലമാണെന്ന് നോക്കാം.

ദഹനം സുഗമമാവുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു
വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ അതിന്റെ പ്രവർത്തനങ്ങൾ സാവധാനത്തിലാക്കേണ്ട സമയത്ത് പ്രവർത്തിക്കാൻ നിർബന്ധിതമാക്കുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഗ്യാസ്ട്രിക് എംറ്റിയിങ്ങി(Gastric emptying)നെ വൈകിപ്പിക്കുകയും അസിഡിറ്റി വർധിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ രാത്രിയിലെ ദഹനത്തെ കാര്യക്ഷമമല്ലാതാകുന്നു. 90 ദിവസത്തേക്ക് രാത്രി വൈകിയുള്ള ഭക്ഷണങ്ങൾ കഴിക്കാതെയിരിക്കുമ്പോൾ, കുടൽ അതിന്റെ താളത്തിലേക്ക് മാറുന്നു. ഇത് വയറുവേദനയും ദഹന പ്രശ്‌നങ്ങളും കുറയാൻ സഹായിക്കുന്നു.

നല്ല ഉറക്കം
രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരം മെറ്റബോളിക്കലി പ്രവർത്തനക്ഷമമാകുകയും ഹൃദയമിടിപ്പും ശരീര താപനിലയും കൂടുകയും ചെയ്യുന്നു. ഇത് ഉറക്കം വരുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉറങ്ങുന്നതിന് ചുരുങ്ങിയത് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഭക്ഷണം ഒഴിവാക്കുന്നത് ഉറക്കത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും രാത്രിയിൽ ഉണരുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണം കാണിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ, ഈ ശീലം സ്ലീപ്പിങ് സൈക്കിളിനെ ശക്തിപ്പെടുത്തുന്നു. രാവിലെ ഊർജസ്വലതയോടെ ഉറങ്ങാൻ ഇത് സാഹിക്കുന്നു.

വിശപ്പുണ്ടാക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ
രാത്രി വൈകി ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ്, സംതൃപ്തി എന്നിവ നിയന്ത്രിക്കുന്ന ഘ്രെലിൻ, ലെപ്റ്റിൻ(Ghrelin and Leptin) എന്നീ ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഒരു പഠനത്തിൽ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അടുത്ത ദിവസം വിശപ്പ് വർധിപ്പിക്കുകയും ലെപ്റ്റിൻ അളവ് കുറയ്ക്കുകയും സംതൃപ്തി തോന്നുന്നതിൽ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. 90 ദിവസത്തേക്ക് രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ, ഈ ഹോർമോൺ അവയുടെ സ്വാഭാവിക പാറ്റേണിലേക്ക് തിരികെ വരാൻ തുടങ്ങുന്നു. ഇത് യാദൃശ്ചികമായ ആസക്തികളെ കുറയ്ക്കുന്നു.

ശരീരഭാരവും മെറ്റബോളിസവും
എന്നും രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉയർന്ന കലോറി ഉപഭോഗവുമായും മെറ്റബോളിക് ആരോഗ്യത്തിന്റെ കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മാസത്തേക്ക് ഈ കലോറി ഒഴിവാക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുകയും സംഭരിച്ചിരിക്കുന്ന ഊർജം ഉപയോഗിക്കാൻ ശരീരത്തിനാവുകയും ചെയ്യുന്നു. ചില ആളുകൾക്ക് ഡയറ്റിങ് ചെയ്യാതെ തന്നെ ശരീരഭാരം കുറയുന്നു, ശരീരം പകൽ സമയത്ത് ഭക്ഷണം കൂടുതൽ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നതാണ് അതിന് കാരണം.

കുടലിലെ മൈക്രോബയോമിന്റെ പുനരുജ്ജീവനം
രാത്രി ഭക്ഷണം കുടലിന്റെ സ്വാഭാവിക പുനരുജ്ജീവന ചക്രത്തെ തടസ്സപ്പെടുത്തുന്നു. രാത്രി നേരത്തെ കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകൾ വളരാൻ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്‌ളമേഷൻ കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

രാത്രിയിലെ അസിഡിറ്റി റിഫ്‌ളക്‌സ് കുറയുന്നു 
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിർത്തുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് അസിഡിറ്റി റിഫ്‌ളക്‌സ് കുറയുന്നത്. ഭക്ഷണം കഴിക്കുകയും ഉടൻ കിടക്കുകയും ചെയ്യുന്നത് അന്നനാളത്തിന്റെ താഴ്ഭാഗത്ത് സമ്മർദ്ദമുണ്ടാക്കുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാൽ ഇത് തടയാനാവും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)